സംസ്ഥാനസര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുകയില്‍ പ്രതീക്ഷയര്‍പ്പിച്ച് വിളനശിച്ച കര്‍ഷകര്‍
കോട്ടായി: ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ പ്രളയവും കാലാവസ്ഥാവ്യതിയാനവും നാശം വിതച്ച കാര്‍ഷികമേഖലയെ സംരക്ഷിക്കുവാന്‍ സംസ്ഥാനഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും തയ്യാറാവണമെന്ന കര്‍ഷകരുടെ ആവശ്യം ശക്തമാവുന്നു.
ജില്ലയില്‍ കൂടുതല്‍ നാശം സംഭവിച്ചത് നെല്‍കൃഷിമേഖലയിലാണ്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങിയും, പിന്നീട് കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഓലകരിച്ചില്‍ രോഗവും നെല്‍കൃഷിയെ തകര്‍ക്കുകയാണുണ്ടായത്.
ഇതേ കാരണം മൂലം പച്ചക്കറികള്‍, ജാതി, അടയ്ക്ക, കുരുമുളക് തുടങ്ങിയവയും നശിച്ചിരിക്കുകയാണ്. കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തിന് വ്യക്തമായ തീരുമാനമെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
നെല്‍കൃഷി നാശമായതോടെ രണ്ടാംവിളയിറക്കുന്നതിന് ആവശ്യമായ വിത്ത് പോലും കര്‍ഷകരുടെ കൈവശം ഇപ്പോഴില്ല. വിളയിറക്കുന്നതിന് മുമ്പായി കര്‍ഷകര്‍ക്ക് വിത്ത് നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും പ്രളയം വിതച്ച നാശം ദേശീയ ദുരന്തമായി കണക്കാക്കി കര്‍ഷകരുടെ കടങ്ങളെല്ലാം എഴുതിത്തള്ളുവാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തയ്യാറാവണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുകയാണ്. ഇപ്പോഴുണ്ടായിട്ടുള്ള വിളനാശത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലയിലെ കര്‍ഷകരും കര്‍ഷക സംഘടനകളുമടക്കുമുള്ളവരുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."