മഞ്ചേരിയില്‍ റോഡ് നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയാറായി ഭൂവുടമകള്‍
മഞ്ചേരി: നെല്ലിപറമ്പ് മുതല്‍ ജസീല ജങ്ഷന്‍ വരെയുള്ള റോഡ് വികസനം വേഗത്തിലാക്കാനുള്ള അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ റോഡ് നിര്‍മാണത്തിന് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് ഭൂ ഉടമകള്‍ രംഗത്ത് വന്നു. റോഡ് നിര്‍മാണത്തിന് സ്ഥലം ലഭിക്കുന്നതോടെ നഗരത്തില്‍ അനുഭവപ്പെടുന്ന വന്‍ ഗതാഗത കുരുക്കിനാണ് പരിഹാരമാകുന്നത്.
നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന്‍ വരെയുള്ള നാല്‍പതില്‍പരം ഭൂവുടമകള്‍ സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. മറ്റുള്ളവരുമായുള്ള ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് മാസം മുന്‍പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭൂവുടമകളുടെയം കെട്ടിട ഉടകളുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഭൂവുടമകളുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സ്ഥലമുടമകളുമായി നേരിട്ടു ചര്‍ച്ച നടത്തി സമ്മതപത്രം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. നാടുകാണി പരപ്പനങ്ങാടി റോഡിന്റെ വികസന പ്രവൃത്തികള്‍ ഈ ഭാഗത്ത് മന്ദഗതിയിലായിരുന്നു.
14 മീറ്റര്‍ വീതിയില്‍ പാത നവീകരിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായി ഓടകള്‍ നിര്‍മിക്കുകയും വേണം. എന്നാല്‍ സ്ഥലം ലഭ്യമാവാത്തത് പ്രവൃത്തികളെ ബാധിച്ചിരുന്നു.
റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്നും ആവശ്യം ശക്തമാവുന്നതിനിടെയാണ് സ്ഥലം കൈമാറാന്‍ ഭൂവുടമകള്‍ സന്നദ്ധത അറിയിച്ചത്.
വഴിക്കടവ്, നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി തുടങ്ങിയ ടൗണിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 104 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. റോഡിനിരുവശവും കൈയേറിയ ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിന് പുറമെയാണ് സ്വന്തം ഭൂമി വിട്ടുനല്‍കി ഉടമകള്‍ വികസന പ്രവൃത്തിക്ക് പിന്തുണ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."