കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി
കൊടുവള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന കാരാട്ട് ഫൈസലിന് പകരം ഐ. എന്‍.എല്‍ കൊടുവള്ളി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി
ഒ. പി റഷീദ് മത്സരിക്കും. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന തലത്തില്‍ തന്നെ എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ സി.പി. എമ്മിന്റെ ഇടപെടല്‍ മൂലമാണ് അവസാന നിമിഷം കാരാട്ട് ഫൈസലിനെ മാറ്റി പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കാരാട്ട് ഫൈസലിനെ മാറ്റിയെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും എല്‍.ഡി.എഫ് എം.എല്‍.എ പി. ടി.എ റഹീം പ്രഖ്യാപിക്കുകയും ചെയ്തത് ന്യായീകരിക്കാനാവാതെ വലയുകയാണ് എല്‍.ഡി.എഫ്.
ഇതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
തിടുക്കപ്പെട്ട് എം.എല്‍.എയെ കൊണ്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് തെറ്റായിപ്പോയി എന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എല്‍.ഡി.എഫ് പ്രാദേശിക ഘടകത്തില്‍ ഫൈസലിനെ മാറ്റിയതില്‍ വിയോജിപ്പുള്ളവരുമുണ്ട്.
രണ്ട് തവണ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ഫൈസലിനെ പ്രഖ്യാപിച്ചതിന് ശേഷം പിന്‍വലിക്കുന്നത് എല്‍.ഡി. എഫിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നും യു.ഡി. എഫ് അത് പ്രധാന പ്രചാരണ വിഷയം കൂടിയാക്കുന്നത്തോടെ മറ്റ് ഡിവിഷനുകളും മുന്നണിയുടെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം എല്‍ ഡി.എഫ് പിന്തുണയില്ലെങ്കിലും കാരാട്ട് ഫൈസല്‍ നേരത്തെ പ്രഖ്യാപിച്ച ഡിവിഷനില്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."