HOME
DETAILS

ഈ സ്‌നേഹത്തിനു നന്ദിപറയാന്‍ സഞ്ജീവ് എത്തും

  
backup
June 28 2019 | 17:06 PM

shwetha-bhatt-todays-article-29-06-2019

 

 

 


30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരിക്കയാണ്. സഞ്ജീവ് ഭട്ടിന് നീതി നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ടിന് ഊര്‍ജവും പിന്തുണയും നല്‍കിയ മലയാളികള്‍ക്ക് നന്ദി പറയുകയാണ് ഇന്നലെ കോഴിക്കോട്ടെത്തിയ ശ്വേതാഭട്ട്. മുസ്‌ലിം യൂത്ത് ലീഗിന്റെ അംബ്രല്ലാ മാര്‍ച്ചില്‍ സംബന്ധിക്കാനെത്തിയ അവര്‍ സുപ്രഭാതത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

? ഗുജറാത്ത് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നു. ഈ വിധിയോട് എങ്ങനെ പ്രതികരിക്കുന്നു. വിധി നീതിയുക്തമാണെന്ന് കരുതുന്നുണ്ടോ.

= ഇല്ല. വിധി നീതിയുക്തമാണെന്ന് കരുതാനാവില്ല. നീതിപീഠം തെറ്റിദ്ധരിക്കപ്പെട്ടു. 30 വര്‍ഷം പഴക്കമുള്ള കേസാണിത്. സഞ്ജീവിന്റെ അധികാരപരിധിയിലുള്ള സംഭവത്തിലല്ല ശിക്ഷിക്കപ്പെട്ടത്. അദ്ദേഹം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, അദ്ദേഹം ആരെയും ജയിലിലേക്ക് അയച്ചിട്ടില്ല, ആരെയും കസ്റ്റഡിയില്‍ വച്ചിട്ടില്ല, ആരെയും ചോദ്യം ചെയ്തിട്ടില്ല. കേസിലെ പ്രതികളായിരുന്ന 133 പേരും കലാപത്തിനു ശ്രമിച്ചവരാണ്. 1990ല്‍ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് മുലായം സിങ് യാദവ് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വി.എച്ച്.പി കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സ്ഥിതി നിയന്ത്രണവിധേയമല്ലാതായപ്പോള്‍ കലാപശ്രമം നടത്തിയ 133 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ ആള്‍ പിന്നീട് മരിച്ചതാണ് കേസിന് കാരണം. ഇതില്‍ സഞ്ജീവിന് പങ്കില്ല. ഈ മരണം കസ്റ്റഡി മരണത്തിന്റെ പരിധിയില്‍ വരില്ല.
അന്നത്തെ സംഭവത്തില്‍ എന്തെങ്കിലും പരാതി ആര്‍ക്കുമുണ്ടായിരുന്നില്ല. കസ്റ്റഡി മര്‍ദനം, പീഡനം എന്നിവ ആ ഘട്ടത്തിലൊന്നും ആരും ആരോപിച്ചിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തപ്പോഴും പരുക്കുകള്‍ ഇല്ലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കസ്റ്റഡിമരണത്തിന്റെ സൂചനകളില്ല. സാക്ഷികളില്ല. സഞ്ജീവ് ആരെയെങ്കിലും മര്‍ദിച്ചെന്നോ പീഡിപ്പിച്ചെന്നോ ആരും പരാതിപ്പെട്ടിട്ടില്ല. ഇതാണ് ചോദ്യം ഉയര്‍ത്തുന്നത്. കസ്റ്റഡി സമയത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും സഞ്ജീവിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലായിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

? വൃക്കസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് പറയുന്നുണ്ടോ.

= അഞ്ചു ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ രേഖകള്‍ പഠിച്ചിരുന്നു. ഇതില്‍ ഒരു ഡോക്ടറാണ് അത്തരമൊരു നേരിയ സാധ്യത അഭിപ്രായപ്പെട്ടത്. എന്നാല്‍ അതാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. നാരായണന്‍ റെഡ്ഢി എന്ന പ്രമുഖ ഫോറന്‍സിക് സര്‍ജനും അഡ്വക്കറ്റുമായ ഡോക്ടര്‍ പറഞ്ഞത് എല്ലാ ചികിത്സാരേഖകളും പരിശോധിക്കണമെന്നാണ്. എല്ലാ ഡോക്ടര്‍മാരുടെ അഭിപ്രായവും അതായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് അന്വേഷണം സി.ഐ.ഡിക്ക് വിട്ടു. സഞ്ജീവ് ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ വയ്ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹം പ്രതിചേര്‍ക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു.

? കേസ് മോദിയുടെ പ്രതികാരമാണെന്ന് കരുതുന്നുണ്ടോ.

= ആര്‍ക്കെങ്കിലും നേരിട്ട് ഈ സംഭവത്തില്‍ പങ്കാളിത്തമുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ കാര്യങ്ങള്‍ സംശയകരമാണ്. ആദ്യമെല്ലാം കേസ് വിചാരണയ്‌ക്കെത്തിയപ്പോള്‍ സര്‍ക്കാര്‍ സഞ്ജീവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സെക്്ഷന്‍ 197 പ്രകാരമായിരുന്നു ഇത്. 2011 വരെ. കേസില്‍ വിചാരണയ്ക്കും സ്റ്റേ ഉണ്ടായിരുന്നു. അവസാനമാണ് കേസ് വിചാരണയിലേക്കു നീങ്ങിയത്. ഏറ്റുമുട്ടല്‍ കൊലയില്‍ ഓഫിസര്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്നതാണിത്. സഞ്ജീവിന്റെ കാര്യത്തില്‍ ഇതു പാലിക്കപ്പെട്ടില്ല. അദ്ദേഹം പ്രോസിക്യൂട്ട് ചെയ്യപ്പെട്ടു. കോടതിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. സെക്്ഷന്‍ 161 പ്രകാരം പൊലിസ് ഓഫിസര്‍ ഡ്യൂട്ടിക്കിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം അറസ്റ്റ് രേഖപ്പെടുത്തി മറ്റു നടപടികളിലേക്ക് നീങ്ങുകയാണ് ചെയ്യുക. എന്നാല്‍ സഞ്ജീവിന്റെ കാര്യത്തില്‍ 20 വര്‍ഷം കഴിഞ്ഞാണ് നടപടി. 23 വര്‍ഷം മുന്‍പുള്ള കേസിലാണ് അറസ്റ്റ്. നടപടിക്രമങ്ങള്‍ പതുക്കെയാക്കി. ജാമ്യം നല്‍കിയില്ല. ഒന്‍പതു മാസം ജയിലില്‍ കഴിഞ്ഞു. ഇതേ കുറ്റം ചുമത്തിയ മറ്റു കേസുകളിലെ പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടുകയോ പുറത്തിറങ്ങുകയോ ചെയ്തു.


? സഞ്ജീവിനൊപ്പം മറ്റു ഓഫിസര്‍മാരും കേസില്‍ ഉണ്ടായിരുന്നു. അവരുടെ അവസ്ഥയെന്താണ്.

= എല്ലാവരെയും ജാമ്യം നല്‍കി വിട്ടയച്ചു. 18 ദിവസത്തിനു ശേഷമാണ് കലാപശ്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ രാജ്‌കോട്ട് ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആര്‍ക്കും ഒരു പരാതിയുമില്ല. ഡോക്ടര്‍ക്കോ പൊലിസിനോ ആരും പരാതി നല്‍കിയില്ല. മൃതദേഹം അവരുടെ ജന്മസ്ഥലമായ ജാംനഗറിലേക്ക് കൊണ്ടുപോയി. അപ്പോള്‍ വി.എച്ച്.പിക്കാര്‍ എത്തി അവരോട് സംസാരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. അവര്‍ അവിടെവച്ചു തന്നെ പരാതി എഴുതിയുണ്ടാക്കി. ഈ പരാതിയാണ് എഫ്.ഐ.ആറിലെ വരികളായി മാറിയത്. ഇതാണ് യാഥാര്‍ഥ്യം.

? സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനോട് ലോകം പ്രതികരിച്ചതെങ്ങനെ.
= എല്ലാവരും സ്തബ്ധരായിരുന്നു. ജാംനഗര്‍ കോടതിയില്‍ 400 പൊലിസുകാര്‍ ഉണ്ടായിരുന്നു. പൊലിസുകാര്‍ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിലെത്തിയത്. പലരും ഇതിനായി അഭിഭാഷക യൂനിഫോം തയ്പ്പിച്ചു. 3-4 ദിവസം യൂനിഫോം തയ്ക്കല്‍ നടന്നു. ഇത് എന്തിനാണെന്ന് എനിക്കറിയില്ല. ഇത്തരം സംഭവം കേട്ടുകേള്‍വിയില്ല. എന്തിന് ഇതു ചെയ്തു ? എന്തിന് പൊലിസുകാര്‍ അഭിഭാഷക വേഷത്തില്‍ വന്നു ? പക്ഷെ, സഞ്ജീവ് പ്രശസ്തനായ പൊലിസുകാരനായിരുന്നു. അദ്ദേഹം നിയമത്തില്‍ കണിശത പാലിച്ച ഉദ്യോഗസ്ഥനാണ്. പൊലിസുകാര്‍ക്ക് പേടിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ്. കണ്ണില്‍ നോക്കി അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്ന എത്രയോ ഉദ്യോഗസ്ഥര്‍ അന്നുണ്ടായിരുന്നു.

? സഞ്ജീവിന്റെ വിധിയോട് കേരളത്തിന്റെ പ്രതികരണം.

= ലോകം മുഴുവന്‍ എനിക്കൊപ്പമുണ്ടായിരുന്നു. എല്ലാവരും വിളിച്ചു. കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വിളിച്ചു പിന്തുണ അറിയിച്ചു. പക്ഷേ കേരളം വ്യത്യസ്തമാണ്. എല്ലാ പത്തു മിനിട്ടിലും എനിക്ക് മലയാളികളുടെ ഫോണ്‍ വിളികള്‍ വന്നു. ശ്വേത ഭട്ടാണോ?, ഞാന്‍ കേരളത്തില്‍ നിന്നാണ്, എന്റെ പിന്തുണ നിങ്ങള്‍ക്കാണ് എന്നായിരുന്നു ഓരോരുത്തരും പറഞ്ഞത്. ചെറുകിട കച്ചവടക്കാര്‍, സാധാരണക്കാര്‍ എല്ലാവരും സാമ്പത്തികമായി സഹായിച്ചു. ചിലര്‍ സഹായമായി 25 രൂപ നല്‍കി ചിലര്‍ 50 രൂപ. പണമല്ല പ്രധാനം. അതു നല്‍കാനുള്ള മനസാണ്. പലരുടേയും മനോവികാരമാണ് കണ്ടത്. ഞാന്‍ ഇവിടെ വന്നത് കേരളത്തോട് പ്രത്യേകമായി നന്ദി പറയാനാണ്. സഞ്ജീവിനെ രക്ഷിക്കാന്‍ ഞാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്യുകയാണ്. സഞ്ജീവിനു വേണ്ടി ഇതു സംഘടിത ദൗത്യമാകണം. ഞാന്‍ ഈ പോരാട്ടത്തില്‍ ഒറ്റയ്ക്കാവില്ലെന്നാണ് വിശ്വാസം.

? കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ നിലപാട് എന്താണ്, ഐ.പി.എസ് അസോസിയേഷന്‍ എന്തു നിലപാട് സ്വീകരിച്ചു.

= ഐ.പി.എസ് അസോസിയേഷന്‍ നിസ്സഹായരാണ്. സഞ്ജീവിനു വേണ്ടി അവര്‍ക്കു മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തുവന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ഞാന്‍ ആരോടും ചോദിച്ചില്ല. എന്താണ് നിങ്ങള്‍ ശബ്ദമുയര്‍ത്താത്തതെന്ന്. കാരണം. അവര്‍ക്ക് അവരുടേതായ പരിമിതികളുണ്ടാകുമായിരിക്കും. ഈ നിലപാട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് നാളെ മറ്റുള്ളവര്‍ക്കും സംഭവിച്ചേക്കാം. സഞ്ജീവിന് സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിച്ചേക്കാം.
ഗുജറാത്തില്‍ കസ്റ്റഡി മരണത്തില്‍ ജയിലിലാകുന്ന ആദ്യത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ്. നിരവധി ഏറ്റുമുട്ടലുകള്‍ ഗുജറാത്തില്‍ നടന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥനും ശിക്ഷ അനുഭവിച്ചില്ല. നിരവധി പേരെ വെടിവച്ചു കൊന്നവര്‍ പോലും സ്വതന്ത്രമായി നടക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍ ഒരു പൊലിസ് ഓഫിസര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാനാവില്ല. എല്ലാവര്‍ക്കും ഭയമായിരിക്കും. സര്‍ക്കാരിന് വേണമെങ്കില്‍ ഒരു ഓഫിസറെ പീഡിപ്പിക്കാനാകുമായിരിക്കും. ഇത് ഒരു ഓഫിസറുടെ മാത്രം കാര്യമല്ല. ആര്‍ക്കും സംഭവിക്കാം. ആര്‍ക്കും ഒരു ഉദ്യോഗസ്ഥനെതിരേ സ്വകാര്യ അന്യായം നല്‍കിക്കൂടേ ?

? ജയിലിലായ ശേഷം സഞ്ജീവിനെ കണ്ടിരുന്നോ.
= ഇല്ല. അതിനവര്‍ എന്നെ അനുവദിച്ചില്ല. 34 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. 19- 20 വയസില്‍ ഞങ്ങള്‍ പ്രണയത്തിലായി. 21ാം വയസില്‍ വിവാഹം കഴിഞ്ഞു. അന്നു മുതല്‍ ഒന്നിച്ചാണ്. എല്ലാ കാര്യത്തിലും ഒന്നിച്ചായിരുന്നു ഞങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ വേദന തോന്നുന്നു. ഞാന്‍ വളരെ ദുഃഖിതയാണ്. ഏകാന്തതയും എന്നെ ഭയപ്പെടുത്തുന്നു. എന്തെല്ലാം ചെയ്താല്‍ ശരിയാകും തെറ്റാകും എന്നൊക്കെ പറഞ്ഞുതരാന്‍ ആരുമില്ലാതായതുപോലെ അനുഭവപ്പെടുന്നു. തീര്‍ച്ചയായും ഇത് ഏകാന്ത പോരാട്ടം തന്നെ.

? സഞ്ജീവിന് ശത്രുക്കള്‍

= അദ്ദേഹത്തിന്റെ വീടു തകര്‍ത്തു. കുടുംബം ദുരന്തത്തില്‍പ്പെട്ടു. അദ്ദേഹത്തിനു മേല്‍ 302 ചുമത്തി. ഇതില്‍ക്കൂടുതല്‍ പീഡനം എന്താണ് ? എനിക്കു സഹിക്കാനാവുന്നതിലും അപ്പുറമാണിത് (വികാരാധീനയാകുന്നു). നല്ല പൊലിസ് ഓഫിസര്‍. നന്നായി ജോലി ചെയ്തു. ജോലിയില്‍ ചില കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. അത് ജോലിയുടെ ഭാഗമല്ലേ ?

? അപ്പീല്‍ കോടതിയില്‍ പോകുന്നില്ലേ.

= ഹൈക്കോടതിയില്‍ പോകും. അടുത്തയാഴ്ച ഹരജി നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

? അവിടെ നീതി ലഭിക്കുമെന്നല്ലേ പ്രതീക്ഷ.

= അതെ, ഞാന്‍ പ്രതീക്ഷിക്കുന്നു. നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ നീതി നടപ്പാക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

? ഭാവി പരിപാടികള്‍ എന്താണ്.

= കേസുമായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. ഇതിനായി നിയമവിദഗ്ധരെ കാണുകയാണ്. സഞ്ജീവിനെ മോചിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഇതിനു വേണ്ടി എന്തുചെയ്യാനും തയാറാണ്. നീതി തേടി ഏതറ്റം വരെയും പോകും.

? മലയാളികളോട് പറയാനുള്ളത്.

= ഏറ്റവും നല്ലയാളുകളാണ്. കേരളത്തെ വളരെയധികം സ്‌നേഹിക്കുന്നു. അടുത്ത തവണ കേരളത്തില്‍ എത്തുമ്പോള്‍ സഞ്ജീവും കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago