സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
കോഴിക്കോട്: ആരോഗ്യ പരിചരണം മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്നുവിതരണവും നടന്നു. പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്യാംപ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്യാംപില്‍ ജില്ലയിലെ 421 കുടുംബങ്ങള്‍ക്കാണ് മരുന്നു വിതരണം നടത്തിയത്. ജനറല്‍ മെഡിസിന്, നേത്രം, ഗൈനക്കോളജി, ഇ.എന്‍.ടി, കാര്‍ഡിയോളജി, പീഡിയാട്രിക്സ്, എല്ലുരോഗവിഭാഗം, ത്വക്ക് രോഗം, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ബീച്ച് ആശുപത്രിയിലേയും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. കോഴിക്കോട് കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി.കെ സീനത്ത് അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ടി.എം മറിയം സീനത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജ്, കെ. നജ്മ, പി.കെ ഷാനിയ, പി. അനിത, മേലടി നാരായണന്, എസ്.കെ അബൂബക്കര്‍, എസ്.കെ കുഞ്ഞിമോന്, മുജീബ് കപ്പക്കല്‍, ഇബ്രാഹിം ബാബു, പി.കെ രഞ്ജിനി പങ്കെടുത്തു. പയ്യാനക്കല്‍, പൊയില്‍ക്കാവ്, വടകര എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ക്യാംപുകള്‍ നടത്തുന്നത്. അതില്‍ ആദ്യ മെഡിക്കല്‍ ക്യാംപാണ് പയ്യാനക്കലില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."