കോരിയിട്ട മണ്‍കൂമ്പാരം ഇടിഞ്ഞ് വീണ്ടും കനാലില്‍
വടക്കാഞ്ചേരി: പ്രളയ അതിജീവനത്തിന്റെ ഭാഗമായി മുണ്ടകന്‍ കൃഷിയെ തിരിച്ചു പിടിയ്ക്കുക എന്ന ലക്ഷ്യത്തോടെ നടന്ന വാഴാനി കനാല്‍ ശുചീകരണത്തില്‍ പലയിടത്തും അശാസ്ത്രീയ പ്രവര്‍ത്തനമെന്ന് പരാതി.
ഇറിഗേഷന്‍ വകുപ്പ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനമാണ് വഴിപാടായത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണു വാഴാനി കനാല്‍ ഇത്തവണ വൃത്തിയാക്കിയത്. കനാല്‍ ഒഴുകും വഴിയിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും 7000 തൊഴിലാളികള്‍ പ്രവര്‍ത്തനത്തില്‍ കണ്ണികളായിരുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് വന്‍തോതില്‍ ബണ്ടുകള്‍ ഇടിഞ്ഞ് കനാലിലേക്ക് പതിയ്ക്കുകയും വെള്ളം ഒഴുകി പോകാന്‍ കഴിയാത്ത വിധം മണ്‍കൂമ്പാരം കനാലില്‍ കിടക്കുകയും ചെയ്തിരുന്നു.
ഈ മണ്ണ് മാറ്റുക എളുപ്പമല്ല എന്നതുകൊണ്ടുതന്നെ ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിയത് ഇറിഗേഷന്‍ വകുപ്പാണ്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കനാലിലെ മണ്ണ് കനാല്‍ ബണ്ടില്‍ തന്നെ കോരിയിട്ട് കരാറുകാരന്‍ സൂത്രം കൊണ്ട് ഓട്ടയടക്കുകയും ചെയ്തു.
നഞ്ഞ് കുതിര്‍ന്ന് കിടന്നിരുന്ന മണ്ണ് പണി കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നാകെ ഒലിച്ചു കനാലിലെത്തുകയും ചെയ്തു. മണലിത്തറമച്ചാട് ജുമാ മസ്ജിദ് പരിസരത്ത് ഇങ്ങനെ കനാലിലേയ്ക്ക് വീണ്ടുമെത്തിയത് ലോഡ് കണക്കിന് മണ്ണാണ്. മഴ പെയ്താല്‍ കോരിയിട്ട മണ്ണ് മുഴുവനായും കനാലിലെത്തുമെന്ന സ്ഥിതി വിശേഷവും നിലനില്‍ക്കുന്നു. ഇറിഗേഷന്‍ വകുപ്പ് കരാറുകാരന്‍ നടത്തിയ പാഴ് പണിയ്‌ക്കെതിരെ പ്രതിഷേധവും കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."