വിദ്യാര്‍ഥിനികള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം: മടപ്പള്ളി കോളജിലേക്ക് ബഹുജനമാര്‍ച്ച്
വടകര: മടപ്പള്ളി ഗവ. കോളജില്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ച എസ്.എഫ്.ഐക്കെതിരേ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിദ്യാര്ഥികള്ക്കെതിരേ നിരന്തരം അക്രമമഴിച്ചുവിടുന്ന എസ്.എഫ്.ഐയുടെ നിലപാടിനെതിരേ മുന്നറിപ്പായായിരുന്നു മാര്‍ച്ച്. തെരഞ്ഞെടുപ്പിനു ശേഷം നാലു തവണയാണ് എതിര്സംഘടനയില്പെട്ട വിദ്യാര്‍ഥികള്‍ക്കു നേരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസവും യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്കു നേരെ എസ്.എഫ്.ഐ ആക്രമണമുണ്ടായിരുന്നു. തെരുവിലിട്ട് പെണ്‍കുട്ടികളെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. ഇതിനെ തുടര്‍ന്നാണ് യു.ഡി.എഫ് നേതൃത്വം കോളജിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്.
സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പൊലിസ് നിര്‍വീര്യമായതും ഭരണകക്ഷിക്ക് പാദസേവചെയ്യുന്നതുമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും എല്ലാ കാലവും ഭരണമുണ്ടാവില്ലെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു.
നാദാപുരം റോഡില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കോളജിന് കവാടത്തിന് മുന്നില്‍ പൊലിസ് തടയുകയായിരുന്നു. അതിനിടെ പ്രവര്‍ത്തകര്‍ പൊലിസിന്റെ വടം ഭേദിച്ച് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ച് കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന പ്രവര്‍ത്തകരെ നാദാപുരം റോഡില്‍ പൊലിസ് ലാത്തിവീശി ഓടിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. നാദാപുരം റോഡിലെ സി.പി.എം ഏരിയാകമ്മിറ്റി ഓഫിസിനു സമീപം സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. തുടര്‍ന്ന് സംഘര്‍ഷം വ്യാപിക്കുകയും കൈനാട്ടിയിലും പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."