ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ്: ഇന്ത്യക്ക് മൂന്നാം സ്ഥാനം
ബാങ്കോക്ക്: ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവും നേടിയാണ് ഇന്ത്യയുടെ ഉജ്ജ്വല മുന്നേറ്റം. 16 സ്വര്‍ണവുമായി ചൈന ഒന്നാം സ്ഥാനത്തും ആറ് സ്വര്‍ണവുമായി ചൈനീസ് തായ്‌പേയ് രണ്ടാം സ്ഥാനത്തും എത്തി. ആണ്‍കുട്ടികളുടെ 100, 800 മീറ്ററുകള്‍, ഡിസ്‌ക്കസ് ത്രോ, 10,000 മീറ്റര്‍ നടത്തം, മെഡ്‌ലെ റിലേ എന്നീ ഇനങ്ങളിലാണ് ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
ഡിസ്‌ക്കസ് ത്രോയില്‍ ചരിത്ര വിജയമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ നെഞ്ചോട് ചേര്‍ത്തു. ഇന്ത്യയുടെ അഭയ് ഗുപ്ത 56.47 മീറ്റര്‍ താണ്ടി റെക്കോര്‍ഡോടെ സ്വര്‍ണവും സഹില്‍ സില്‍വല്‍ 54.58 മീറ്റര്‍ താണ്ടി റെക്കോര്‍ഡോടെ വെള്ളിയും നേടി. 2015ല്‍ നടന്ന ആദ്യ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഇറാന്‍ താരം സജ്ജാദ് ഹസ്സന്‍ തീര്‍ത്ത 53.06 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്. 10000 മീറ്റര്‍ നടത്തത്തില്‍ 45.30.39 മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കി സഞ്ജയ് കുമാര്‍, 100 മീറ്ററില്‍ 10.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡുകാരന്‍ ഗുരിന്ദര്‍വിര്‍ സിങ്, 800 മീറ്ററില്‍ 1.54.991 സെക്കന്‍ഡില്‍ അഭിഷേക് മാത്യു എന്നിവരാണ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച മറ്റ് താരങ്ങള്‍. അവസാന ദിനത്തില്‍ നടന്ന മെഡ്‌ലേ റിലേയില്‍ ഗുരിന്ദര്‍വിര്‍ സിങ്, പലെന്‍ഡര്‍ കുമാര്‍, മനീഷ്, അക്ഷയ് നയന്‍ എന്നിവരുള്‍പ്പെട്ട ടീം 1.55.62 സെക്കന്‍ഡില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ ഹാമ്മര്‍ ത്രോയില്‍ ദമനീത് സിങ്, ആണ്‍കുട്ടികളുടെ ഷോട് പുട്ടില്‍ മോഹിത്, ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ രോഹിത് യാദവ്, ആണ്‍കുട്ടികളുടെ ഡെക്കാത്‌ലണില്‍ മോഹിത് എന്നിവരാണ് സഹില്‍ സില്‍വലിന് പുറമേ വെള്ളി സ്വന്തമാക്കിയ താരങ്ങള്‍. ആണ്‍കുട്ടികളുടെ ഹാമ്മര്‍ ത്രോയില്‍ നിതേഷ് പൂനിയ, പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സീമ, ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അക്ഷയ് നയന്‍, ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അവിനാഷ് യാദവ് എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."