കൊവിഡ് രോഗികള്‍ക്ക് വോട്ടവകാശം നിഷേധിച്ചു പോളിങ് ബൂത്തിന് മുന്നില്‍ പി.പി.ഇ കിറ്റണിഞ്ഞ് പ്രതിഷേധം
പലരും ബൂത്തിലെത്തിയത് നടന്ന്
അത്താണി (തൃശൂര്‍): വടക്കാഞ്ചേരി നഗരസഭ അമ്പലപുരം ഡിവിഷനിലെ കൊവിഡ് രോഗികളും നിരീക്ഷണത്തില്‍ കഴിയുന്നവരുമായ 25 പേരില്‍ 16 പേര്‍ക്ക് വോട്ടവകാശം നിഷേധിച്ചതിനെതിരേ പി.പി.ഇ കിറ്റണിഞ്ഞെത്തി പോളിങ് ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാതെ പിരിഞ്ഞു പോകില്ലെന്നായിരുന്നു നിലപാട്. കൊവിഡ് പോസിറ്റീവായ വടക്കാഞ്ചേരി ബ്ലോക്ക് കര്‍ഷക തൊഴിലാളി സഹകരണ സംഘം പ്രസിഡന്റും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഡി.കെ.ടി.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. മുപ്പത്തിമൂന്നാം ഡിവിഷനില്‍ രോഗബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരുമായ 25 പേരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് അനുഭാവികളായ ഇവര്‍ക്ക് സ്‌പെഷല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്‍പത് പേര്‍ക്ക് മാത്രമാണ് വോട്ടവകാശത്തിന് അന്തിമ അനുമതി ലഭിച്ചത്. ബാക്കിയുള്ളവരോട് പോളിങ് ബൂത്തിലെത്തി നിശ്ചിത സമയത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യ വകുപ്പിനെ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഒരു സൗകര്യവും ചെയ്തു നല്‍കിയില്ലത്രെ. സ്‌പെഷല്‍ വോട്ടില്‍ നിന്ന് തങ്ങളുടെ പേര് വെട്ടിയത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയും ചെയ്തു. ആറ് പേരുള്ള കുടുംബത്തിലെ നാല് പേര്‍ക്ക് സ്‌പെഷല്‍ വോട്ട് ലഭിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് ലഭിച്ചില്ല. ഇതോടെയാണ് വനിതകളും വയോധികരുമടങ്ങിയ 11 പേര്‍ പി.പി.ഇ കിറ്റണിഞ്ഞ് വീടുകളില്‍ നിന്ന് നടന്നും മറ്റ് ചിലര്‍ വാഹനങ്ങളിലും പോളിങ് സ്റ്റേഷനായ പെരിങ്ങണ്ടൂര്‍ വായനശാലയിലെത്തിയത്. കാഴ്ച്ച കണ്ട് അമ്പരന്ന നിന്നു നാട്ടുകാരെ പൊലിസെത്തി പിരിച്ചുവിട്ടു. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ വോട്ടു ചെയ്യാന്‍ അടിയന്തരമായി അനുമതി നല്‍കി. ഇതോടെയാണ് കൊവിഡ് കാലത്തെ വേറിട്ട സമരത്തിനും അറുതിയായത്. നടന്നെത്തിയ കൊവിഡ് രോഗികള്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. പൊലിസ് ഉള്‍പ്പടെയുള്ളവരെ സമീപിച്ചിട്ടും വാഹനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ നടന്നെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."