മിനിപമ്പ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായി
എടപ്പാള്‍: ഭാരതപ്പുഴയോരത്തെ മിനിപമ്പ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മിനിപമ്പയില്‍ ഒരുക്കിയ വ്യൂപോയിന്റും ഓപ്പണ്‍ ഓഡിറ്റോറിയവും ഉടന്‍ തുറന്നുനല്‍കും. സന്ദര്‍ശകര്‍ക്ക് ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുംവിധം 1.5 കോടി രൂപ ചെലവിട്ടാണ് വ്യൂപോയിന്റ് നിര്‍മിച്ചിട്ടുള്ളത്.
കെ.ടി ജലീല്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് രണ്ടാംഘട്ടം പൂര്‍ത്തീകരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓപ്പണ്‍ ഓഡിറ്റോറിയവും ഇതിനോടു ചേര്‍ന്ന ഗ്രീന്റൂമും പൂര്‍ത്തിയായി.
വിശാലമായ വ്യൂപോയിന്റില്‍ സന്ദര്‍ശകര്‍ക്കായി ഇരിപ്പിടവും തയാറാക്കിയിട്ടുണ്ട്. ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ച മിനിപമ്പയില്‍ നേരത്തേ ടൂറിസം വകുപ്പില്‍നിന്നുള്ള 68 ലക്ഷം രൂപ ചെലവിട്ട് ഷവര്‍ബാത്ത് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
പുതിയതായി നിര്‍മിച്ച വ്യൂപോയിന്റില്‍ തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും.
മിനിപമ്പ ടൂറിസം പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ടം വൈകാതെ ആരംഭിക്കുമെന്നും തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി കൂടുതല്‍ സൗകര്യങ്ങള്‍ മിനിപമ്പയില്‍ ഒരുക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."