മയക്കുമരുന്നിന്റെ ഹബ്ബായി കേരളം മാറുന്നു: ഋഷിരാജ് സിങ്
കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്നുകള്‍ കയറ്റിഅയക്കാനുള്ള ഹബ്ബായി കേരളം മാറികൊണ്ടിരിക്കുകയാണന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ്. സംസ്ഥാനത്തേക്ക് നിരന്തരമായി നിരോധിത ലഹരിവസ്തുക്കള്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെനിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മയക്കുമരുന്നുകള്‍ കയറ്റിയയക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉന്നതതല യോഗം ഒന്നിലധികം തവണ ചേര്‍ന്ന് മയക്കുമരുന്നുകളുടെ വരവ് തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി കടലിലും ചെക്ക്‌പോസ്റ്റുകളിലും അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനിടെ 700 കോടിയുടെ മയക്കുമരുന്നുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. 100 കോടിയുടെ ഹാഷിഷും എം.ഡി.എം.എയും മാത്രം പിടിച്ചെടുത്തു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാലക്കാട് നിന്നും 40 കോടിയുടെയും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തിരുവരന്തപുരത്തുനിന്ന് 20 കോടിയുടേയും ഹാഷിഷാണ് പിടിച്ചെടുത്തത്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊച്ചിയില്‍ നിന്നും 35 കോടിയുടെയും ആറ് മാസത്തിന് മുന്‍പ് നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.5 കിലോ ഗ്രാം എം.ഡി.എം.എയും പിടികൂടിയിരുന്നു. മയക്കുമരുന്നുകള്‍ വിമാനത്തിലുള്‍പ്പെടെ എത്തുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ ദേശീയ, അന്തര്‍ദേശീയ മാര്‍ക്കറ്റിന്റെ ടാര്‍ഗറ്റ് ആയപോലെയാണന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ 900 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ 3000 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. എക്‌സൈസ് വകുപ്പ് 2017ല്‍ 10,332 കിലോ ഗ്രാം കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും 102 ഗ്രാം എം.ഡി.എം.എയും അര കിലോയോളം ഹെറോയിനും കണ്ടെത്തി.
ഈ വര്‍ഷം 1,216 കിലോ കഞ്ചാവും 60.03 കിലോ ഹാഷിഷ് ഓയിലും 31.0137 കിലോ എം.ഡി.എം.എയും 30 ഗ്രാമോളം ഹെറോയിനും മറ്റും പിടികൂടി. 2017ല്‍ 23,707 കിലോ പുകയില ഉല്‍പ്പങ്ങളും ഈ വര്‍ഷം ഇതു വരെ 2,59,994 കിലോ പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."