എച്ച്1 എന്‍1 പനി; ജില്ലയില്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കി
കൊല്ലം: വായുവിലൂടെ പകരുന്ന എച്ച്1 എന്‍1 പനി അയല്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പനി, ജലദോഷം തലവേദന, ചുമ, തൊണ്ടവേദന ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണ രീതിയിലുള്ള ജലദോഷ പനിക്ക് വിശ്രമവും പനിയുടെ ഗുളികയും മതിയാകും. എന്നാല്‍ മറ്റ് അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍, കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ എച്ച്1 എന്‍1 രോഗം പിടിപെട്ടാല്‍ ഗുരുതരമാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചുവേദനയും ശ്വാസതടസവുമുണ്ടാകാം. ഈ ഘട്ടത്തില്‍ രക്തസമ്മര്‍ദ്ദം താഴുകയും ചുമയ്ക്കുമ്പോള്‍ രക്തം വരുകയും ചെയ്യാം.
ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ചികിത്സ തേടിയാല്‍ രോഗം ഗുരുതരമാകില്ല. രോഗം വായുവിലൂടെ പകരുന്നതിനാല്‍ വ്യക്തി ശുചിത്വം പ്രധാനമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ വായും മൂക്കും മറച്ചു പിടിക്കുകയും കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുമാണ്. പനിയും ജലദോഷവും ഉള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടുന്നത് ഒഴിവാക്കണം.
എച്ച്1.എന്‍1 രോഗത്തിനുള്ള ടമിഫ്‌ളൂ കാപ്‌സ്യൂള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും. നിരീക്ഷണത്തിന്റെ ഭാഗമായുള്ള പരിശോധനാ സംവിധാനം 10 പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളിലും മരുന്ന് സ്റ്റോക്ക് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്. എച്ച്1.എന്‍1 നുള്ള പരിശോധനാ സാമ്പിളുകള്‍ മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചില്‍ അയച്ച് 24 മണിക്കൂറിനകം ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."