സാമ്പത്തിക ക്രമക്കേട്; ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടണമെന്ന്
കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ (കെ.സി.സി.ഐ) മറവില്‍ ഭാരവാഹികള്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡയരക്ടര്‍ ബോര്‍ഡ് പിരിച്ചുവിടണമെന്ന് ചേംബര്‍ പ്രൊട്ടക്ഷന്‍ ഫോറം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോര്‍പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനെക്കൊണ്ട് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.
കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെയും ചെറുപുഷ്പം ഫിലിംസിന്റെയും സംയുക്ത സംരംഭമായ എറണാകുളം മറൈന്‍ഡ്രൈവിലെ കേരള ട്രേഡ് സെന്ററിന്റെ ബഹുനില വ്യാപാര സമുച്ചയത്തിലെ ഫഌറ്റുകളും കമേഴ്സ്യല്‍ സ്പെയ്സും അനധികൃതമായി നല്‍കാമെന്നു പറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയില്‍ കേരള ട്രേഡ് സെന്റര്‍ മുന്‍ ചെയര്‍മാനും കെ.സി.സി.ഐ ഡയരക്ടറുമായ കെ.എന്‍ മര്‍സൂഖിനെ കഴിഞ്ഞ മാസം 13ന് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാ ഡയരക്ടര്‍മാര്‍ക്കും തുല്യ ഉത്തരവാദിത്തമുള്ളതിനാല്‍ ഒരാളില്‍ മാത്രം കുറ്റം ഒതുക്കി മറ്റുള്ളവര്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന് സാധിക്കില്ല. 50 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ തെളിഞ്ഞ സാഹചര്യത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ മുഴുവന്‍ ഡയരക്ടര്‍മാരും രാജിവച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ചേംബറിന്റെ മുന്‍ ചെയര്മാന്മാരായ ഇ. എസ് ജോസ്, ആന്റണി കൊട്ടാരം, മാത്യു കുരുവിത്തടം, സയ്യിദ് മസൂദ്, എം. ഇബ്രാഹിം, മണ്ടോളി മത്തായി, പി. ഭാസ്കരന്, മുന്‍ വൈസ് ചെയര്മാന്മാരായ എം.കെ അന്‍സാരി, ആര്. ജയശങ്കര്‍, വര്‍ഗീസ് തോമസ്, യൂത്ത് ഫോറം മുന്‍ കണ്‍വീനര്‍ ഷെഫീഖ് അഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."