പശ്ചാത്താപത്തിന് പ്രസക്തിയേറുന്ന റമദാന്‍
മനുഷ്യന്‍ രണ്ട് ശാക്തിക ചേരികളുടെ നടുവില്‍ സ്ഥിതി ചെയ്യുന്നു. മലകാനി ശൈത്വാനി എന്നീ പ്രേരണയാണവ.നന്മ ചെയ്യുമ്പോള്‍ മലകാനിയിലും തിന്മചെയ്യുമ്പോള്‍ ശൈത്വാനി ചേരിയിലും അവന്‍ അകപ്പെടുന്നു.പൊതുവില്‍ തെറ്റിലേയ്ക്കുള്ള ആസക്തി മനുഷ്യനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഒരു ദുരവസ്ഥക്ക് പഴക്കം മനുഷ്യാരംഭം മുതല്‍ തന്നെ നിലനിന്നിരുന്നു. വിലക്കപ്പെട്ട ഖനി ഭക്ഷിച്ച് സ്വര്‍ഗത്തില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന ആദം ഹവ്വ ദമ്പതിമാരുടെ ചരിത്രം സ്മരണീയമാണ്. ഇക്കാരണത്താല്‍ തന്നെ തെറ്റില്‍ നിന്നകറ്റി നന്‍മയുടെ തീരത്തേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ പ്രവാചകന്‍മാരും പ്രബോധകരും ഇവിടെ വന്ന് പോയിക്കൊണ്ടിരുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ തെറ്റില്‍ അകപ്പെട്ടവരെ അതില്‍തന്നെ നിലനിര്‍ത്തി ജീവിതം തുലക്കാന്‍ പടച്ചവന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് തന്നെ അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്.
കൊടുംകുറ്റവാളിയും ഉഹ്ദ് യുദ്ധത്തില്‍ നബി(സ)യുടെ പിതൃവ്യന്‍ ഹംസ (റ) ന്റെ ശിരസ്സ് അരിഞ്ഞ് എടുത്ത് അതില്‍ മദ്യം ഒഴിച്ച് കുടിച്ച് നൃത്തമാടുകയും ചെയ്ത വഹ്ശിക്ക് മാപ്പ് കൊടുത്ത ചരിത്രം ഏതൊരുവിശ്വാസിക്കും ഇന്നലകളില്‍ തന്റെ കയ്യില്‍ നിന്ന് വന്ന തെറ്റുകള്‍ക്ക് പരിഹാരം കിട്ടാനുള്ള കുളിര്‍തെന്നലായി അനുഭവപ്പെടുന്നു.
ഇബ്‌നുഅബ്ബാസ് (റ)തൊട്ട് നിവേദനം : നബി(സ)യുടെ പിതൃവ്യന്‍ ഹംസ(റ)യുടെ ഘാതകന്‍ വഹ്ശി പ്രവാചകന് കത്തെഴുതുന്നു. എനിക്ക് ഇസ്ലാമിലേക്ക് വരണം. സൂറത്തുല്‍ ഫുര്‍ഖാനിലെ 68-ാമത് സൂക്തം 'അല്ലാഹുവല്ലാത്ത ഒരു ദൈവത്തേയും ആരാധിക്കുകയില്ല. അല്ലാഹു ആദരിച്ച ഒരു ജീവനേയും അന്യായമായി ഹനിക്കുകയുമില്ല. അവര്‍ വ്യഭിചരിക്കുകയുമില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ആരായാലും പാപഫലം അവന്‍ കണ്ടുമുട്ടുക തന്നെ ചെയ്യും '. എനിക്ക് ഇത് ഒരു തടസ്സമായി നില്‍ക്കുന്നു. ഞാനിത് മൂന്നും ചെയ്തവനാണ്. എനിക്ക് വല്ല പരിഹാരമാര്‍ഗ്ഗവും ഉണ്ടോ? നബി(സ) പറഞ്ഞു. ഉണ്ട് സൂറത്തുല്‍ഫുര്‍ഖാനിലെ എഴുപതാമത് സൂക്തം ' (ഈ പാപങ്ങള്‍ക്കുശേഷം) പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിച്ച് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരൊഴിച്ച്. അത്തരം ആളുകളുടെ പാപങ്ങളെ നന്‍മകളാക്കി മാറ്റികൊടുക്കുന്നതാണ്' ഈ സൂക്തം കത്ത് മുഖേന വഹ്ശിയെ അറിയിച്ചു. പ്രവാചകന് വഹ്ശി മറുപടി അയച്ചു. ഇതില്‍ സല്‍കര്‍മ്മം എന്നൊരു നിബന്ധനയുണ്ട്. എനിക്കതിന് കഴിയുമോ എന്നതില്‍ ഒരു ഉറപ്പുമില്ല എന്ന ആശങ്കയറിയിച്ച് വീണ്ടും നബി(സ)ക്ക് കത്തെഴുതി ഈ അവസരം സൂറത്തുന്നിസാഇലെ 116-ാമത് സൂക്തം അവതരിക്കുന്നു. തനിക്ക് പങ്കാളികളുണ്ടെന്ന് ആരോപിക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് കൊടുക്കുന്നതല്ല. അതൊഴിച്ചുള്ളതൊക്കെയും അവന്‍ പൊറുത്ത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്ത് കൊടുത്തേക്കാം. ഈ സൂക്തം തിരുനബി(സ) വഹ്ശിക്ക് അയച്ച് കൊടുത്തപ്പോള്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം മറുപടി കത്ത് അയച്ചു. നബിയേ! ഇതും എന്റെ കാര്യത്തില്‍ പ്രതീക്ഷ ഉളവാക്കുന്നില്ല. എനിക്ക് പൊറുത്ത് തരാന്‍ അല്ലാഹു ഉദ്ദേശിക്കുമോ ഇല്ലയോ എന്നനിക്കറിയില്ല. എനിക്ക് പശ്ചാത്താപമുണ്ടോ? സമ്പൂര്‍ണ്ണമറുപടിയുമായി സൂറത്തുസ്സുമറിലെ അമ്പത്തിരണ്ടാം സൂക്തം അവതരിച്ചു. അങ്ങ് '(പ്രവാചകന്‍) പറഞ്ഞുകൊടുക്കുക. സ്വന്തം ആത്മാക്കളോട് അക്രമം കാണിച്ച എന്റെ ദാസന്‍മാരേ! അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശരാകരുത്. നിശ്ചയം അല്ലാഹു സകലപാപങ്ങള്‍ക്കും മാപ്പ് നല്‍കുന്നവനാകുന്നു.' ഈ സൂക്തം വഹ്ശി വായിക്കുകയും ഒരു നിബന്ധനയും ഇല്ലാതെ തന്റെ പാപം അല്ലാഹു പൊറുക്കും എന്ന് കണ്ടെത്തുകയും ചെയ്തപ്പോള്‍ മദീനയില്‍ പ്രവാചകസന്നിധിയില്‍ വച്ച് അദ്ദേഹം ഇസ്ലാമതം സ്വീകരിച്ചു കുറ്റവിമുക്തനായി.
ഇന്നലകളില്‍ നമ്മില്‍ നിന്ന് ഏത് പാപം വന്നുപോയിട്ടുണ്ടെങ്കിലും അതെല്ലാം വേദനിക്കുന്ന ഹൃദയത്തോടുകൂടി ഇരുകരങ്ങളും നീട്ടി പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു പൊറുത്ത് തരും. നബി(സ) പറഞ്ഞു. പാപം ചെയ്തിട്ട് പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെപോലെയാണ് (ഹദീസ്) സമയം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കുകയില്ല. പാപക്കറകളെ കഴുകിക്കളയാന്‍ പറ്റിയ ഏറ്റവും നല്ല ഒരവസരമാണ് പരിശുദ്ധ റമളാന്‍. 'വിശ്വാസത്തോടെയും ദൈവപ്രതീകാംക്ഷിച്ചും ആരെങ്കിലും റമസാന്‍ മുഴുവനും നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞുപ്പോയ പാപങ്ങളൊക്കെയും അല്ലാഹു പൊറുത്ത് കൊടുക്കും' (ബുഖാരി) പ്രവാചകന്‍ പറയുന്നു. അല്ലാഹിവിന്റെ ദാസന്‍ തെറ്റ് ചെയ്തുപോയാല്‍ അംഗസ്‌നാനം ചെയ്ത് രണ്ട് റകഅത്ത് നിസ്‌കരിച്ചതിനുശേഷം അല്ലാഹുവിനോട് മാപ്പിനായി യാചിക്കട്ടേ. അല്ലാഹു തീര്‍ച്ചയായും അവന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കും.
(സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."