കോട്ടയം സ്വദേശി അമേരിക്കയില്‍ ബാങ്ക് കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ചു
ഏറ്റുമാനൂര്‍: കോട്ടയം സ്വദേശി അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബാങ്ക് കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കൊരട്ടിയില്‍ മാത്യുവിന്റെ മകന്‍ മത്തായി (68) ആണ് മരിച്ചത്. വാല്‍റിക്കോയില്‍ ഹൈവേ 60 യ്ക്കു സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ തോക്കു ചൂണ്ടി മാത്യുവിന്റെ കാര്‍ തട്ടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച യു.എസ് സമയം രാവിലെ 10.30 ന് ആയിരുന്നു സംഭവം.
ബാങ്കിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളിലൊരാള്‍ തോക്കുചൂണ്ടി വാഹനം അപഹരിക്കുന്നത്. മത്തായിയെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം അക്രമി വാഹനം ഓടിച്ചു പോകുകയായിരുന്നു. രണ്ട് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഇതിനിടെ അക്രമികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പൊലിസ് കാര്‍ പിന്‍തുടര്‍ന്ന് ജെയ്‌സണ്‍ ഹാന്‍സന്‍ ജൂനിയര്‍ (36) എന്ന അക്രമിയെ കസ്റ്റഡിയിലെടുത്തു.
പൊലിസിനെ വെട്ടിച്ച് പായുന്നതിനിടിയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കാര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലിസ് പിടികൂടിയത്. എന്നാല്‍ വാഹനത്തില്‍ മത്തായിയെ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് നാലു മണിയോടെ വാഷിങ്ടണ്‍ റോഡില്‍ കവര്‍ച്ച നടന്ന ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്ന് വെടിയേറ്റ നിലയില്‍ മത്തായിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി മത്തായിയും കുടുംബവും അമേരിക്കയിലാണ്. മാത്യുവിന്റെ ഏഴ് മക്കളില്‍ മത്തായിയും മറ്റ് അഞ്ച് പേരും ഫ്‌ളോറിഡയിലെ ടാമ്പയിലും ഒരാള്‍ ചിക്കാഗോയിലുമാണ് താമസം.
ബിസിനസ് രംഗത്തായിരുന്ന മത്തായി കുറെ നാളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം ലില്ലികുട്ടിയാണ് ഭാര്യ. മക്കള്‍: മെല്‍വിന്‍, മെന്‍സണ്‍, ഡോ.മഞ്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."