സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ നടപടി വേഗത്തിലാക്കിയതിനു പിന്നില്‍ ആത്മകഥ : പുസ്തകം വന്നാല്‍ പലരുടെയും മുഖം വികൃതമാകുമെന്ന് സിസ്റ്റര്‍ ലൂസി, സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നിലും സഭയെന്ന്
കല്‍പ്പറ്റ: സന്യാസി സമൂഹത്തിലെ ചിലരില്‍ നിന്ന് പീഡനം നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ നടപടി വേഗത്തിലാക്കിയതിനു പിന്നില്‍ സിസ്റ്റര്‍ ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങിയത്. 'ദൈവനാമത്തില്‍'എന്നുപേരിട്ട ആത്മകഥ പുറത്തിറങ്ങുന്നു എന്ന വിവരം പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതില്‍ സഭക്കെതിരേയും സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേയും ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങളുണ്ട്. അതു പുറത്തിറങ്ങിയാല്‍ പലര്‍ക്കും പൊള്ളും. അതുകൊണ്ടുകൂടിയാണ് സഭയുടെ നടപടികളെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കടക്കം പിന്നില്‍ സഭയും ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹവുമുണ്ടെന്നും സിസ്റ്റര്‍ ലൂസി തീര്‍ത്തു പറയുന്നു.
'ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സഭയുടെ പി.ആര്‍.ഒയെ ഞാന്‍ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റര്‍ കൊടുത്ത കേസ് പിന്‍വലിച്ചാല്‍ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിന്‍വലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയുടെ അറിവോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറില്‍' മില്‍ട്ടന്‍ ഫ്രാന്‍സിസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കിയിരുന്നു.
രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദര്‍ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റര്‍ ലൂസി സൂക്ഷിച്ചിരുന്നത്. ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുള്ളവര്‍ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാല്‍ ഇതിന്റെ മാനുസ്‌ക്രിപ്റ്റ് വാങ്ങാനാണ് പോയതെന്നും കൂടെ തന്റെ ഭാര്യ ബിന്ദു മില്‍ട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകന്‍ മഹേഷുമുണ്ടായിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് ചാനലില്‍ വ്യക്തമാക്കി.
അതെ സമയം സംഭവത്തില്‍ വെള്ളമുണ്ട പൊലിസ് ആറ് പേര്‍ക്കെതിരേ കേസെടുത്തു. മദര്‍ സുപ്പീരിയറും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."