തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. 2006 ജനുവരി 26ന് കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണം ആരംഭിച്ച തേജസ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഇന്റെര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 31ന് ഇറങ്ങുന്ന തേജസ് ദിനപത്രമായിരിക്കും അവസാന പ്രതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതും അച്ചടിവസ്തുക്കളുടെ വിലക്കയറ്റവുമാണ് സ്ഥാപനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് എഡിറ്റര്‍ കെ.എച്ച് നാസര്‍ പറഞ്ഞു. 2010 മെയ് 14ന് അന്നത്തെ ഇടതു സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കല്‍ നോട്ടിസോ നല്‍കാതെ പരസ്യം നിഷേധിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് 2009 നവംബര്‍ 19ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26ന് നല്‍കിയ കത്തുമാണ് പരസ്യ നിഷേധത്തിന് കാരണമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011 സെപ്റ്റംബര്‍ എട്ടു മുതല്‍ ഒരു വര്‍ഷം പരസ്യം നല്‍കിയെങ്കിലും പിന്നീട് അതും നിര്‍ത്തുകയായിരുന്നു.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരും പരസ്യ നിഷേധം അരക്കിട്ടുറപ്പിച്ചുവെന്നും ഇതോടെ നിലനില്‍പ് ഭീഷണിയിലായെന്നും കെ.എച്ച് നാസര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയായിരിക്കും പിരിച്ചുവിടുകയെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ നഷ്ടം സഹിച്ച് പത്രം നടത്തികൊണ്ട് പോകാന്‍ കഴിയില്ലെന്നും ഇന്റെര്‍മീഡിയാ പബ്ലിഷിങ് ലിമിറ്റഡ് എം.ഡി കെ. ഫായിസ് മുഹമ്മദും ഡയരക്ടര്‍ എം. ഉസ്മാനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."