കോള്‍ പാടങ്ങളില്‍ പക്ഷിവേട്ടക്കാര്‍ വ്യാപകമാവുന്നു
അന്തിക്കാട്: കോള്‍ പാടങ്ങളില്‍ നിന്ന് പക്ഷികളെ വേട്ടയാടുന്ന സംഘങ്ങള്‍ മേഖലയില്‍ സജീവമായി.
ജില്ലയിലെ പ്രധാന കോള്‍ പടവുകളായ അന്തിക്കാട്, മണലൂര്‍ എന്നിവിടങ്ങളിലാണ് പക്ഷികളെ വ്യാപകമായി വേട്ടയാടി പിടിക്കുന്നത്. പ്രത്യേകതരം തോക്ക് ഉപയോഗിച്ച് രാത്രിയിലാണ് പക്ഷിവേട്ട നടക്കുന്നത്. പ്രകാശം കൂടിയ ടോര്‍ച്ചുകളുമായി രാത്രിയിലിറങ്ങുന്ന സംഘം കോള്‍ പടവിനു സമീപത്തെ മരങ്ങളില്‍ കൂടുകൂട്ടുന്ന പക്ഷികളെ വെടിവെച്ചിടുകയാണ് ചെയ്യുന്നത്. കൊക്കുകള്‍, ദേശാടന പക്ഷികള്‍ എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യം. തോക്ക് ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ സംഘത്തിലുണ്ടാകും. കൂടിനെ ലക്ഷ്യമാക്കി വെടി വെയ്ക്കുമ്പോള്‍ തള്ള പക്ഷികള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ക്കും വെടിയേല്‍ക്കും. കൂടാതെ മുട്ടകളും പൊട്ടിവീഴും.
കോള്‍പടവിനു സമീപത്തെ പറമ്പുകളില്‍ പക്ഷി കുഞ്ഞുങ്ങള്‍ വെടിയേറ്റു കിടക്കുന്നതു ദയനീയ കാഴ്ചയാണ്. വെടിവെച്ചിടുന്ന തള്ളപ്പക്ഷികളെ സംഘം കറിവെയ്ക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷികളെ ചുട്ടു തിന്നലും മദ്യപാനവുമാണ് ഇത്തരം സംലങ്ങളുടെ രീതി. മുണ്ടകന്‍ കൃഷിക്കൊരുങ്ങിയ ജില്ലയിലെ വലിയ കോള്‍ പടവുകളായ അന്തിക്കാട്, മണലൂര്‍ താഴം എന്നിവിടങ്ങളില്‍ ആയിരക്കണക്കിനു കൊക്കുകളും ദേശാടന പക്ഷികളുമാണ് എത്തിയിട്ടുള്ളത്. രാത്രിയില്‍ ഇവ സമീപത്തെ മരച്ചില്ലകളിലെ കൂടുകളിലാണ് ചേക്കേറുന്നത്. നിലവില്‍ അന്തിക്കാട് പൊലിസ് സ്റ്റേഷന്റെ പരിധിയിലാണ് രണ്ടു കോള്‍ പടവുകളും സ്ഥിതി ചെയ്യുന്നത്. കോള്‍ മേഖലയില്‍ രാത്രികാല പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തി ഇത്തരം സംഘങ്ങളെ പിടികൂടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."