ഒന്നര കിലോ കഞ്ചാവുമായി മൊത്തവിതരണക്കാരന്‍ പിടിയില്‍
നിലമ്പൂര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പനക്കാര്‍ക്ക് കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പയ്യനാട് ചോലക്കല്‍ വടക്കാങ്ങര കൂരിമണ്ണില്‍ വലിയ മണ്ണില്‍ വീട്ടില്‍ ഫൈസല്‍ ബാബുവിനെ (42)യാണ് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ എക്‌സൈസ് സംഘം അരുവാക്കോട് വുഡ് കോംപ്ലക്‌സിനു സമീപം വാഹന പരിശോധന നടത്തവെ നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിന്തുടര്‍ന്നാണ് ഇയാളെ പിടിച്ചത്. ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും വിതരണത്തിനു പയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
നിലമ്പൂര്‍, ചുങ്കത്തറ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വന്‍തോതില്‍ കഞ്ചാവ് വിതരണം നടക്കുന്നുവെന്ന് നേരത്തേ എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, പ്രിവന്റീവ് ഓഫിസര്‍ രതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, ഹരിദാസന്‍, ഹരികൃഷ്ണന്‍, പ്രദീപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതി റിമാന്‍ഡ് ചെയ്തു.
കുട്ടികളെ ലക്ഷ്യം വച്ച് വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് മനസിലായതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ സംശയകരമായി കാണുന്ന വാഹനങ്ങള്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും നിരീക്ഷിച്ച് വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിലെ 04931 224334, 9400069658, 9496499644 എന്നീ നമ്പരുകളിലാണ് അറിയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."