മുതുകുളത്ത് ആധുനിക വൃദ്ധ സദനം ഒരുങ്ങുന്നു
ആലപ്പുഴ: അവസാന കാലത്ത് ആരും നോക്കാനില്ലാതെ അലയുന്ന വയോജനങ്ങള്‍ക്ക് ആശ്വാസമായി മുതുകുളത്ത് പുതിയ വൃദ്ധ സദനം ഒരുങ്ങുന്നു. വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യവും നല്‍കാനാണ് മുതുകുളത്ത് വൃദ്ധ സദനം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃദ്ധസദനം നിര്‍മിച്ചിരിക്കുന്നത്.
72 ലക്ഷം രൂപയാണ് വൃദ്ധ സദനത്തിന്റെ നിര്‍മാണത്തിനായി ചെലവായത്. ഇതില്‍ 60 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും 15 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് വിഹിതവുമാണ്. 20 പേര്‍ക്ക് ഒരേ സമയം താമസിക്കാവുന്ന തരത്തിലുള്ള നിര്‍മാണമാണ് വൃദ്ധസദനത്തിന്റേതെന്ന് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു പറഞ്ഞു.
വാര്‍ധക്യ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 'നികുഞ്ജം' എന്നു പേരിട്ട ഈ വൃദ്ധ സദനത്തിലെ ഓരോ മുറികളും ശുചിമുറികളോടുകൂടിയതാണ്. ഭിന്നശേഷിക്കാരായ വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യവും കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. എല്ലാ മുറികളിലും ഹീറ്റര്‍, എല്ലാവര്‍ക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വലിയ തീന്‍മേശകള്‍, മാനസികവും ശാരീരകവുമായ ഉല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി പുസ്തകങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങളും വൃദ്ധ സദനത്തിന്റെ പ്രത്യേകതയാണ്.
വയോജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, പ്രത്യേക കൗണ്‍സിലിങ്ങ് തുടങ്ങി മാനസിക ആരോഗ്യത്തിനു മുന്‍തൂക്കം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നിന്നും ലഭ്യമാക്കും. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 15 സെന്റ് സ്ഥലത്താണ് ഈ വൃദ്ധ സദനം സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 27നു ഇവിടെ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."