സമുദായ സംരക്ഷകനായ മമ്പുറം തങ്ങള്‍
ഏറെ ഭീതിദവും ആശങ്കാജനകവുമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മുടെ മതേതര പ്രതിച്ഛായക്ക് കോട്ടംവരുത്തുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ ഒരു വശത്തും മുസ്‌ലിം-ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആസൂത്രിത നീക്കങ്ങള്‍ മറുവശത്തും സജീവമായിക്കൊണ്ടിരിക്കുന്നു.
മതേതരമൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനും ഫാസിസ്റ്റ് തത്വങ്ങളെ അടിച്ചേല്‍പ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ വ്യഗ്രതയില്‍ രാജ്യത്തിന് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നത് മഹോന്നതമായൊരു അസ്തിത്വത്തെയാണ്. രാഷ്ട്ര നിര്‍മിതിയിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്തി, രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ ജീവിതം സമര്‍പ്പിച്ച പൂര്‍വകാല നേതാക്കളുടെ ചരിത്രവും പാരമ്പര്യവും ബോധപൂര്‍വം വിസ്മരിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്.
മത നേതൃത്വത്തിന്റെയും രാഷ്ട്രീയസാരഥികളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയവും വിവേചനപരവുമായി മാത്രം വിലയിരുത്തപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈ സമകാലിക പശ്ചാത്തലത്തില്‍ പുനര്‍വായനക്കും ഗവേഷണ പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ് കേരളത്തിന്റെ, വിശിഷ്യ മലബാറിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി മതനേതൃത്വത്തിനും രാഷ്ട്രീയ നായകര്‍ക്കും ഒരുപോലെ മാതൃകാവര്യനായിത്തീര്‍ന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ജീവിതം.
ആത്മീയാചാര്യന്‍, സാമൂഹിക സമുദ്ധാരകന്‍, ബ്രിട്ടിഷ്-ജാതി-ജന്മി വിരുദ്ധ വിപ്ലവകാരി എന്നിങ്ങനെ വ്യത്യസ്ത വിശേഷണങ്ങളില്‍ സുപരിചതനായ അദ്ദേഹം ആയുഷ്‌കാലമത്രയും സമൂഹത്തിനായി സമര്‍പ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു. ചരിത്രം കൊട്ടിഘോഷിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിന്ന് ഏറെ ഭിന്നമായിരുന്നു പരേതന്റെ ജീവചരിത്രം. കേരള ചരിത്രത്തിലെ പ്രഥമ ജനകീയ നേതാവെന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മത-ജാതി സ്വത്വത്തിന് ഉപരിയായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍നിരയില്‍ നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. നിശിതമായ മതനിഷ്ഠ അനുവര്‍ത്തിച്ചിരുന്നതോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മതമൂല്യങ്ങളിലധിഷ്ഠിതമായ ഒരു മതാതീത തലം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മത സൗഹാര്‍ദമെന്ന പേരില്‍ ആദര്‍ശത്തിന്റെയും അനുഷ്ഠാനത്തിന്റെയും സര്‍വവിധ സീമകളും ലംഘിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ മമ്പുറം തങ്ങള്‍ അനുവര്‍ത്തിച്ച സൗഹാര്‍ദ മാതൃക കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. കര്‍ഷകരായിരുന്ന മാപ്പിളമാര്‍ക്കും കുടിയാന്മാര്‍ക്കും കീഴ് ജാതിക്കാര്‍ക്കുമെല്ലാം ആത്മവിശ്വാസവും കരുതലും പകര്‍ന്നത് അദ്ദേഹത്തിന്റെ പ്രാര്‍ഥനയും മാര്‍ഗ നിര്‍ദേശങ്ങളുമായിരുന്നു.
വിത്തിറക്കുമ്പോഴും വിളയെടുക്കുമ്പോഴും ആളുകള്‍ മഹാനെ സമീപിക്കുകയും ആദ്യവിള കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ ജാതി-മത ഭേദമന്യെ ഒരു നവജാഗരണത്തിന്റെ സൃഷ്ടിപ്പിനായി ജീവിതം സമര്‍പ്പിച്ചതിന്റെ നേര്‍ ചിത്രമാണിത് വ്യക്തമാക്കുന്നത്. സ്വാര്‍ഥലാഭം ഒട്ടും തീണ്ടാതെ കര്‍മനിരതനായ തങ്ങള്‍ ഒരു മതവിഭാഗത്തിന്റെ ആത്മീയ ചക്രവര്‍ത്തിയെന്നതോടൊപ്പം വിവിധ മത-വര്‍ണ-വര്‍ഗ-ജാതികള്‍ക്കിടയില്‍ സൗഹാര്‍ദത്തിന്റെ നടപ്പാലം കൂടിയായിരുന്നു. കോന്തുനായര്‍ എന്ന അമുസ്‌ലിമിനെ ഗുമസ്തനായി നിയമിച്ചതും തന്റെ വീടുപണിക്ക് സ്ഥിരമായി കോയന്‍ കുറുപ്പിനെ ഏല്‍പിച്ചിരുന്നതും അവര്‍ണ വിഭാഗങ്ങളുടെ ഉല്‍കര്‍ഷത്തിനായി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമെല്ലാം നല്‍കുന്ന സന്ദേശം ഇതുതന്നെയാണ്. ഒരു വിഭാഗത്തിന്റെ ജന നായകന്‍ എന്ന സങ്കല്‍പത്തില്‍നിന്നു സര്‍വരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന ജനകീയ നേതാവെന്ന തലത്തിലേക്ക് മാറാന്‍ സ്മര്യപുരുഷനു സാധിച്ചുവെന്നര്‍ഥം.
അവഗണനയുടെ ദുര്‍വഹഭാണ്ഡം പേറിയിരുന്ന ദലിത് വിഭാഗങ്ങള്‍ക്ക് മാനുഷിക പരിഗണന വേണ്ടുവോളം നല്‍കാന്‍ മമ്പുറം തങ്ങള്‍ സന്നദ്ധനായിരുന്നു. മലബാറിലെ കീഴാള-കര്‍ഷക വിഭാഗത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്നായ കോഴിക്കളിയാട്ടം ഇന്നും ആരംഭം കുറിക്കുന്നത് മമ്പുറം മഖാമില്‍ നിന്ന് ആശീര്‍വാദം വാങ്ങിയ ശേഷമാണ്. പ്രവാചക കുടുംബ പരമ്പരയിലുള്ള സയ്യിദുമാര്‍ക്ക് മലബാറില്‍ ലഭിച്ചിരുന്ന സഹജമായ ആദരവ് ഇതര സമൂദായങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ മമ്പുറം തങ്ങള്‍ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. കേവലം മതകീയാചാര്യന്‍ എന്ന വൃത്തത്തില്‍ നിന്നു ഒരു സാമൂഹിക സമുദ്ധാരകന്‍ എന്ന തലത്തിലേക്ക് തന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയതാണ് മലബാറില്‍ മതസൗഹാര്‍ദത്തിനു ഇത്രയധികം വേരോട്ടമുണ്ടാവാന്‍ കാരണം. മതത്തെ വളരെ കണിശതയോടെയും ആത്മനിഷ്ഠയോടെയും പുലര്‍ത്തിപ്പോരുന്നതിനോടൊപ്പം തന്നെ ഇതര മതസ്ഥരോടുള്ള സഹവര്‍തിത്ത്വം ഒരു പ്രതിബന്ധമായി തങ്ങള്‍ക്ക് ഭവിച്ചിരുന്നുമില്ല.
കേരളീയ ചരിത്രത്തിലെ സാമൂഹിക നവോത്ഥാന നായകരെന്ന് വിശേഷിപ്പിച്ച ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മറ്റും ജന്മമെടുക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ സാമൂഹിക ഉത്ഥാനത്തിന് തുടക്കമിട്ടത് മമ്പുറം തങ്ങളായിരുന്നുവെന്ന കാര്യത്തില്‍ സന്ദേഹമില്ല. സമൂഹത്തില്‍ വ്യാപിച്ചിരുന്ന ജാതീയ ഉച്ചനീചത്വ ബോധങ്ങളെ ഇല്ലാതാക്കുന്നതിനും മതാതീതമായി അവരെ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം കൈക്കൊണ്ട ശൈലിയാണ് പുതിയകാല ആചാര്യരും രാഷ്ട്രീയ നേതൃത്വവും മാതൃകയായി സ്വീകരിക്കേണ്ടത്. തീവ്ര ദേശീയതാ വാദങ്ങളും ഫാസിസ്റ്റ് ആശയങ്ങളും അപകടകരമാം വിധം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മമ്പുറം തങ്ങള്‍ അനുവര്‍ത്തിച്ച പക്വതയുമുള്ള സമീപനങ്ങള്‍ കൂടുതല്‍ ചരിത്രവിശകലനങ്ങള്‍ക്ക് വിധേയമാക്കുകയും വേണം.
മതാത്മക ദേശീയതയിലൂടെ പുതിയ രാഷ്ട്രനിര്‍മിതിക്കായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ദലിത്-മുസ്‌ലിം ഐക്യചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തങ്ങളവര്‍കളുടെ ജീവിത ദര്‍ശനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. ബ്രിട്ടിഷ് ആധിപത്യകാലത്ത് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് മമ്പുറം തങ്ങളുടെ രംഗപ്രവേശനം. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ഹിന്ദു-മുസ്‌ലിം കലാപമാക്കി മാറ്റാനും അതുവഴി മലബാര്‍ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുമുള്ള ബ്രിട്ടീഷ് തന്ത്രങ്ങളെ തല്ലിത്തകര്‍ക്കാനും ജാതി-മത ഭേദമന്യെ എല്ലാവരെയും സംഘടിപ്പിക്കാനും മമ്പുറം തങ്ങള്‍ക്ക് സാധിച്ചു.
എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും മുസ്‌ലിം സമൂഹത്തിന്റെ മാത്രം സുരക്ഷിതത്വം ഉറപ്പുവരുത്താനായിരുന്നുവെന്ന് തെറ്റിദ്ധരിക്കുന്നത് അര്‍ഥശൂന്യമാണ്. ജന്മികളുടെ പിന്തുണയോടെ ബ്രിട്ടിഷ് ഭരണകൂടം വിവിധ കലഹങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍, അധസ്ഥിത വിഭാഗത്തെ കൂടി ചേര്‍ത്തുപിടിച്ച്, സമുദായത്തിന്റെ നിലനില്‍പ് സാധ്യമാക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കായിരുന്നു നേതൃതം നല്‍കിയത്.
സൗഹാര്‍ദവും സമചിത്തതയുമുള്ള സമുദായ-സമൂഹ സംസ്‌കൃതിക്കായി ഒരു പുരുഷായുസ് മുഴുവന്‍ നീക്കിവച്ച സ്മര്യപുരുഷന്റെ ദേഹവിയോഗത്തിന് 181 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അരികുവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംഘടിത മുന്നേറ്റം എങ്ങനെ സാധ്യമാക്കാം എന്നതിനുള്ള ഉദാത്തമാതൃകയായിരുന്നു മമ്പുറം തങ്ങള്‍. ആ ജീവിതം മാതൃകയാക്കി, രാജ്യവ്യാപകമായി മത-സാമൂഹിക ശാക്തീകരണം സാധ്യമാക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണിന്ന് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ കുടുംബം. മുന്നോട്ടുള്ള വഴിയില്‍ സര്‍വരുടെയും പിന്തുണയും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."