ക്രിസ്റ്റിയും മെസ്സിയുമില്ലാതെ എല്‍ക്ലാസിക്കോ
മാഡ്രിഡ്: ലോക ക്ലബ് ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോയ്ക്ക് ഇന്ന് വൈകിട്ട് വിസില്‍ മുഴങ്ങും. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ രാത്രി 8.45നാണ് മത്സരം. ഫുട്‌ബോള്‍ ലോകം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന മത്സരത്തില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും കളിക്കില്ല എന്നതാണ് ഇത്തവണത്തെ എല്‍ക്ലാസിക്കോയുടെ നഷ്ടം. ഇരു താരങ്ങളുമില്ലാത്തത് എല്‍ക്ലാസിക്കോയുടെ ഗ്ലാമര്‍ തെല്ലൊന്ന് കുറച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയും മെസ്സിയും തമ്മിലുള്ള പോരാട്ടമായിട്ട് എല്‍ക്ലാസിക്കോയെ വിശേഷിപ്പിക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് സൂപ്പര്‍ താരങ്ങളില്ലാത്ത എല്‍ക്ലാസിക്കോക്ക് മാറ്റ് കുറയുന്നത്. ബാഴ്‌സ നിരയില്‍ ഇനിയെസ്റ്റയും പ്രധാന അഭാവമാകും.
റൊണാള്‍ഡോ കഴിഞ്ഞ സീസണിനു ശേഷം റയല്‍ വിട്ട് യുവന്റസിലേക്കു ചേക്കേറിയതിനാല്‍ എല്‍ ക്ലാസിക്കോയിലെ പ്രധാന ആകര്‍ഷണം മെസ്സിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച പരുക്കേറ്റതിനെതുടര്‍ന്നാണ് മെസ്സിക്ക് എല്‍ ക്ലാസിക്കോ നഷ്ടമായത്.
ലാലിഗ മത്സരത്തിനിടെ സെവിയ്യക്കെതിരായ മത്സരത്തില്‍ എതിര്‍ താരം ഫ്രാങ്കോ വാസ്‌ക്വസുമായി കൂട്ടിയിടിച്ച് വീണാണ് മെസ്സിയുടെ കൈ എല്ലിനു പൊട്ടലേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിനു മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. നവംബര്‍ അവസാനത്താടെ പരുക്കു ഭേദമായി മെസ്സി ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍. 2007നു ശേഷം ആദ്യമായിട്ടാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലാതെ എല്‍ ക്ലാസിക്കോ നടക്കുന്നത്.
2009ല്‍ റോണോ റയലിലെത്തുന്നതിനു മുമ്പ് മെസ്സിയായിരുന്നു എല്‍ ക്ലാസിക്കോയിലെ സൂപ്പര്‍ സാന്നിധ്യം. 2007 ഡിസംബറില്‍ നടന്ന എല്‍ ക്ലാസിക്കോയിലാണ് പരുക്കു കാരണം മെസ്സിക്കു പുറത്തിരിക്കേണ്ടണ്ടിവന്നത്. 2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കു റൊണാള്‍ഡോ റയലിലെത്തിയതോടെയാണ് എല്‍ ക്ലാസിക്കോ മെസ്സി-ക്രിസ്റ്റ്യാനോ യുദ്ധമായി മാറിയത്. ബാഴ്‌സയും റയലും തമ്മിലുള്ള 239 മത്തെ എല്‍ ക്ലാസിക്കോ കൂടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഇതുവരെ നടന്ന 238 മത്സരങ്ങളില്‍ 93 എണ്ണത്തില്‍ ബാഴ്‌സ വെന്നിക്കൊടി പാറിച്ചപ്പോള്‍ 95 ജയങ്ങളുമായി റയല്‍ മാഡ്രിഡാണ് മുന്നില്‍ നില്‍ക്കുന്നത്.
50 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ മെസ്സിയാണ്. 26 ഗോളുകളാണ് അര്‍ജന്റൈന്‍ ഇതിഹാസം സ്വന്തമാക്കിയിട്ടുള്ളത്.
ഇത്തവണത്തെ എല്‍ ക്ലാസിക്കോ ബാഴ്‌സയേക്കാള്‍ നിര്‍ണായകം റയലിനാണ്. കാരണം പുതിയ കോച്ച് ജുലെന്‍ ലൊപ്പെറ്റെഗിയുടെ കീഴില്‍ റയല്‍ താളം കണ്ടെണ്ടത്താനാവാതെ വലയുകയാണ്. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട റയല്‍ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ കളിയില്‍ വിക്ടോറിയ പ്ലെസനെ 2-1നു തോല്‍പ്പിച്ചാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്‍പത് മത്സരങ്ങളില്‍നിന്ന് നാലു ജയവും രണ്ടണ്ടു സമനിലയും മൂന്നു തോല്‍വിയുമടക്കം 14 പോയിന്റുള്ള റയല്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്.
എന്നാല്‍ ഇത്രയും കളികളില്‍നിന്ന് അഞ്ചു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 18 പോയിന്റോടെ ഒന്നാംസ്ഥാനത്താണ് ബാഴ്‌സ. ജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയാവും ബാഴ്‌സയുടെ അടുത്ത ലക്ഷ്യം.
18 പോയിന്റുള്ള എസ്പാന്യോളും 17 പോയിന്റുള്ള അലാവെസുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ലാലിഗയിലെ മറ്റു മത്സരങ്ങളില്‍ വൈകിട്ട് നാലിന് ഗെറ്റാഫെ റയല്‍ ബെറ്റിസിനെ നേരിടും. രാത്രി 11ന് അലാവെസും വിയ്യാറയലും തമ്മിലാണ് മത്സരം. രാത്രി 1.30ന് സെവിയ്യ ഹുയസ്‌കയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."