സുവര്‍ണ നേട്ടം ആവര്‍ത്തിക്കാന്‍ അഭിനവ് ബിന്ദ്ര
റിയോയില്‍ നാളെ വിശ്വ കായിക മാമാങ്കത്തിനു കൊടിയേറുമ്പോള്‍ ത്രിവര്‍ണ പതാകയുമേന്തി ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ ഉന്നം പിഴയ്ക്കാത്ത കണ്ണുകളുമായി അഭിനവ് ബിന്ദ്ര ഉണ്ടാവും. ഒളിംപിക്‌സുകളില്‍ ഒരിന്ത്യന്‍ താരത്തിനും തകര്‍ക്കപ്പെടാനാവാത്ത റെക്കോര്‍ഡുമായാണ് തന്റെ അഞ്ചാം ഒളിംപിക്‌സിന് അഭിനവ് റിയോ പിടിച്ചിരിക്കുന്നത്. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. എന്നാല്‍ വ്യക്തിഗത ഇനത്തില്‍ ആദ്യ ഒളിംപിക് സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയുടെ ചരിത്ര നേട്ടം മാത്രം മായ്ക്കാനാവില്ല. 2008 ഓഗസ്റ്റ് 11നു ചൈനയിലെ ബെയ്ജിങില്‍ ഉന്നം പിഴയ്ക്കാതെ നേടിയതായിരുന്നു ആ ചരിത്ര നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവിന്റെ തോക്കില്‍ നിന്നു ഉതിര്‍ന്ന ബുള്ളറ്റ് സുവര്‍ണ നേട്ടത്തിലേക്കും ചരിത്രത്തിലേക്കുമായിരുന്നു. കഠിന പരിശീലനവും ആത്മവിശ്വാസവുമായി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളിലേക്ക് ബുള്ളറ്റ് പായിക്കാന്‍ ഇത്തവണയും അഭിനവ് ബിന്ദ്ര റിയോയിലുമുണ്ട്.
ചരിത്രത്തിലേക്ക്
പാഞ്ഞ വെടിയുണ്ട
2008 ഓഗസ്റ്റ് 11നു ചരിത്രത്തിലേക്ക് പാഞ്ഞ ആ ബുള്ളറ്റിനു പിന്നില്‍ കഠിനധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മനസുണ്ട്. യോഗ്യതാ റൗണ്ടില്‍ നാലാമാന്‍ മാത്രമായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ അഭിനവ്. കലാശപ്പോരില്‍ അഭിനവ് ഉന്നം തെറ്റാത്ത ഷൂട്ടറായി. അഭിനവിന്റെ റൈഫിളില്‍ നിന്നു ഉതിര്‍ന്ന വെടിയുണ്ടകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് സ്വര്‍ണം. ഒളിംപിക്‌സില്‍ ഒരിന്ത്യന്‍ കായിക താരത്തിന്റെ ആദ്യ വ്യക്തിഗത സുവര്‍ണ നേട്ടം. തന്റെ മൂന്നാമത്തെ ഒളിംപിക് പോരാട്ടത്തിലാണ് ബിന്ദ്ര ലക്ഷ്യം നേടിയത്. 2000ല്‍ സിഡ്‌നിയില്‍ തന്റെ ആദ്യ ഒളിംപിക്‌സിന് എത്തിയ അഭിനവ് ബിന്ദ്രക്ക് യോഗ്യത റൗണ്ടില്‍ 11ാമനാവാനെ കഴിഞ്ഞുള്ളു.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമെന്ന ബഹുമതിയും നേടിയാണ് അന്നു മടങ്ങിയത്. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ മൂന്നാമനായി ബിന്ദ്ര കലാശപ്പോരിന് യോഗ്യത നേടി. അവസാന റൗണ്ടില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2012ല്‍ ഇന്ത്യയുടെ സുവര്‍ണ ഷൂട്ടറായി ലണ്ടന്‍ ഒളിംപിക്‌സിന് എത്തിയെങ്കിലും യോഗ്യത റൗണ്ടില്‍ തന്നെ 16ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പുറത്തായി. ഒളിംപിക്‌സില്‍ മാത്രമല്ല ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും കിരീടം നേടിയ ആദ്യ താരമാണ് അഭിനവ് ബിന്ദ്ര. 2006 ജൂലൈ നാലിന് ക്രൊയേഷ്യയിലെ സെഗ്രബില്‍ അരങ്ങേറിയ ലോക ചാംപ്യന്‍ഷിപ്പിലാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ബിന്ദ്ര സ്വര്‍ണം നേടിയത്. ഈ നേട്ടമാണ് ബെയ്ജിങ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടി കൊടുത്തത്. 1962ല്‍ നടന്ന ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഡോ. കര്‍നി സിങ് നേടിയ വെള്ളി മെഡലായിരുന്നു അതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. 2001 മ്യൂണിക്ക്് ലോക ജൂനിയര്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 600ല്‍ 597 പോയിന്റ് നേടി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു അഭിനവ് ബിന്ദ്ര. എങ്കിലും വെങ്കലം മാത്രമേ നേടാനായുള്ളു. 2002ല്‍ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എയര്‍ റൈഫിള്‍ വ്യക്തിഗതയിനത്തില്‍ വെള്ളി മെഡല്‍ നേടി. ഇതേ ഇനത്തില്‍ തന്നെ ടീം വിഭാഗത്തില്‍ സമീര്‍ അംബേക്കറുമായി ചേര്‍ന്ന് സ്വര്‍ണവും നേടി. 2001 ല്‍ യൂറോപ്പിലെ വിവിധ സര്‍ക്യൂട്ട് മീറ്റുകളില്‍ നിന്നായി ആറു സ്വര്‍ണം നേടിയതോടെയാണ് അഭിനവ് ബിന്ദ്ര ഇന്ത്യയുടെ സൂപ്പര്‍ ഷൂട്ടറായി മാറിയത്.
രക്തം വീഴ്ത്തിയ തുടക്കം
ജനനം 1982 സെപ്തംമ്പര്‍ 28 ന് 1982 സെപ്റ്റംബര്‍ 28-ന് ഡെറാഡൂണിലെ സമ്പന്ന കുടുംബത്തില്‍. പിതാവ് ബിസിനസുകാരനും ഫുഡ് ടെക്‌നോളജിസ്റ്റുമായ ഡോ. അഭിജിത് സിങ്. മാതാവ് ബബ്ലി. മൂന്നു വയസില്‍ എയര്‍ ഗണുമായി തുടങ്ങിയതാണ് തോക്കുമായുള്ള ബന്ധം. എയര്‍ ഗണുമായി ഷൂട്ടിങ് പരിശീലനം നടത്തുന്നതിനിടെ ഉന്നം തെറ്റിയ കൊച്ചു അഭിനവിന്റെ ഇരയായി വീട്ടുജോലിക്കാരി മാറി. ജോലിക്കാരിയുടെ തലയ്ക്കു മുകളില്‍ ബലൂണ്‍ കെട്ടിവെച്ച് ഉന്നം പരിശോധിക്കുന്ന അഭിനവിന്റെ പരിശീലനമാണ് ചോരക്കളിയായി മാറിയത്. ഇതോടെ വീടിനു സമീപത്തായി പിതാവ് നാടന്‍ ഷൂട്ടിങ് റേഞ്ച് ബിന്ദ്രക്കായി ഒരുക്കി നല്‍കി. ഏറെ പണം ഒഴുക്കേണ്ട ഷൂട്ടിങ് പരിശീലനത്തിനായി ബിന്ദ്രയുടെ കുടുംബം കോടികള്‍ തന്നെ ചെലവിട്ടു.
1995ല്‍ 13ാം വയസില്‍ പ്രശസ്തനായ ഷൂട്ടിങ് പരിശീലകന്‍ കേണല്‍ ജെ.എസ് ധില്ലനെ പരിചയപ്പെടുന്നിടത്താണ് ബിന്ദ്രയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. ബിന്ദ്രയുടെ ലക്ഷ്യത്തെ കുറിച്ചായിരുന്നു ധില്ലന്റെ ആദ്യ ചോദ്യം. ഒളിംപിക് സ്വര്‍ണമെന്ന മറുപടിയാണ് അഭിനവ് നല്‍കിയത്. സമ്പന്നതയില്‍ ജനിച്ച നിനക്ക് ചോര നീരാക്കുവാന്‍ കഴിയുമോ. കേണലിന്റെ ഉത്തരത്തിന് അഭിനവ് തയ്യാറെന്ന ഉത്തരം നല്‍കി. എങ്കില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ജര്‍മന്‍ തോക്കുമായി വരാന്‍ ധില്ലന്‍ നിര്‍ദേശം നല്‍കി.
എടുത്താല്‍ പൊങ്ങാത്ത ജര്‍മന്‍ നിര്‍മിത തോക്കുമായി ധില്ലനെ തേടി വീണ്ടും ബിന്ദ്രയെത്തി. ഷൂട്ടിങ് റേഞ്ചില്‍ ചോര നീരാക്കി അഭിനവ് ബിന്ദ്ര കഠിനധ്വാനം ചെയ്തു. ഒരിക്കല്‍ പോലും പരാതി പറയാതെ. ഒളിംപിക്‌സില്‍ അഭിനവ് സ്വര്‍ണം നേടിയപ്പോള്‍ അവന്‍ അതു നേടിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്നായിരുന്നു ധില്ലന്റെ ആദ്യ പ്രതികരണം. നിരവധി നേട്ടങ്ങളാണ് ഒളിംപിക്‌സ് സ്വര്‍ണത്തിന് പുറമേ അഭിനവ് രാജ്യത്തിനായി വെടിവെച്ചിട്ടത്. മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം, വെള്ളി (2002), മെല്‍ബണില്‍ സ്വര്‍ണം, വെങ്കലം (2006), ഡല്‍ഹിയില്‍ സ്വര്‍ണം, വെള്ളി (2010), ഗ്ലാസ്‌കോയില്‍ സ്വര്‍ണം (2014), ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസ് വെള്ളി (2010), ഇഞ്ചിയോണില്‍ രണ്ട് വെങ്കലം (2014). രാജ്യം അഭിനവ് ബിന്ദ്രയെ പരമോന്നതമായ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. അര്‍ജുന (2000), രാജീവ് ഗാന്ധി ഖേല്‍രത്‌ന (2001), പത്മഭൂഷണ്‍ (2009). 2011ല്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമായ ടെറിട്ടോറിയല്‍ ആര്‍മിയില്‍ കേണലായി.
ഇന്ത്യയുടെ വ്യക്തിഗത
മെഡല്‍ വേട്ടക്കാര്‍
അഭിനവ് ബിന്ദ്രയ്ക്ക് മുന്‍പ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ വ്യക്തിഗത മെഡല്‍ വേട്ടക്കാര്‍ ഇവരായിരുന്നു. കെ.ഡി യാദവ് (ഗുസ്തി, വെങ്കലം, 1952 ഹെല്‍സിങ്കി), ലിയാണ്ടര്‍ പെയ്‌സ് (ടെന്നീസ് സിംഗിള്‍സ്, വെങ്കലം, 1996 അത്‌ലാന്റ), കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം, വെങ്കലം, 2000 സിഡ്‌നി), രാജ്യവര്‍ധന്‍ സിങ് റാത്തോഡ് (ഷൂട്ടിങ്, വെള്ളി, 2004 ഏഥന്‍സ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."