കൊല്ലങ്കോട് മേഖലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപകം
കൊല്ലങ്കോട്: പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും മുതലമട വടവന്നൂര്‍ കൊല്ലങ്കോട് മേഖലയില്‍ വ്യാപകമാകുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമാകുന്നില്ലന്ന് ബി.ഡി.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ അനുരാഗ് ആരോപിച്ചു. 300 ഓളം രോഗികളാണ് ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടി എത്തുന്നത്.
ഇവരെ കിടത്തി ചികിത്സിക്കാന്‍ വേണ്ട സൗകര്യം ഒരുക്കുന്നതിനോ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനോ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ല.
വടവന്നൂര്‍, മുതലമട എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി മൂലം രണ്ട് യുവതികളാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രയിലെ തിരക്കും ചികിത്സ ലഭിക്കാത്തതു മൂലം കൂടുതല്‍ പേര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയേയും തൃശൂരിലുള്ള ആശുപത്രിയുമാണ് ആശ്രയിക്കുന്നത്. ഇതു മൂലം കൂടുതല്‍ സാമ്പത്തിക നഷ്ടവുമാണ് പിന്നോക്ക മേഖലയിലെ രോഗികള്‍ക്ക് ബാധ്യതയാകുന്നത്.
ഒരാഴ്ചയായി കൊല്ലങ്കോട് ടൗണില്‍ മാലിന്യം നീക്കാത്തതിനെ തുടര്‍ന്ന് മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. ഓടകളുടെ ശുചീകരണം നടക്കാത്തതിനാല്‍ മലിനജലം കെട്ടി കിടക്കുകയും പാതയിലൂടെ ഒഴികി വൃത്തിഹീനമായി തീരുന്നു. പകര്‍ച്ചപ്പനിയും ഡെങ്കി പനിയും പടര്‍ന്ന് പിടിക്കുമ്പോള്‍ കൊതുകള്‍ പെരുകുന്നതിനെ റോഡരികിലുള്ള മാലിന്യം നീക്കം ചെയ്യാതെ സൗകര്യമുണ്ടാക്കി കൊടുക്കുന്ന സമീപനമാണ് കൊല്ലങ്കോട് പഞ്ചായത്ത് ചെയ്യുന്നത്.
രാത്രിയാകുന്നതോടെ മാലിന്യങ്ങള്‍ നായകള്‍ വലിച്ചിഴച്ച് റോഡുകളിലാക്കുന്നതോടെ ഇരുചക്രവാഹന യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയരുകയാണ്.
മാലിന്യ നീക്കം ഉടന്‍ ചെയ്യണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പകര്‍ച്ചപ്പനി ഡെങ്കിപ്പനിക്കായി കിടത്തി ചികിത്സ ആരംഭിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സ ലഭ്യമാക്കാതിരുന്നാല്‍ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."