ആരാവും ദ ബെസ്റ്റ്
മിലാന്‍: ഇന്ന് ഫുട്‌ബോള്‍ ആരാധകരുടെ നോട്ടം മിലാനിലെ അല്ലാ സ്‌കാല തിയറ്ററിലേക്ക് തിരിയും. ലോകത്തിലെ ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന രാജ്യങ്ങള്‍ ഒരുമിക്കുന്ന ഫിഫയുടെ ഈ സീസണിലെ മികച്ച താരത്തെ പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ അത് റൊണാള്‍ഡോ ആണോ മെസി ആണോ വിര്‍ജില്‍ വാന്‍ഡിക്കാണോ എന്ന് മാത്രം അറിയാനുള്ള ആകാംക്ഷയാണ് ഏവരുടേയും മുഖത്ത്. മികച്ച പുരുഷ-വനിതാ താരം, മികച്ച പരിശീലകന്‍ എന്നിങ്ങനെയുള്ള അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് ഉയര്‍ത്താന്‍ മൂന്ന് താരങ്ങളാണ് അവസാന റൗണ്ടില്‍ കടന്നുകൂടിയത്. ബാഴ്‌സലോണയുടെ സ്‌ട്രൈക്കര്‍ ലയണല്‍ മെസി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡിക്ക്. ഇതില്‍ മെസിയും റോണോയും മുന്‍പ് ബാലണ്‍ ഡി ഓര്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ചുംബിച്ചവരാണെങ്കില്‍ വാന്‍ഡിക്കിന്റെ അരങ്ങേറ്റ പ്രവേശമാണിത്. മൂന്ന് തവണ അവാര്‍ഡ് നേടിയ റോണോയാണ് മുന്‍പന്തിയില്‍. രണ്ട് തവണയാണ് മെസി അവാര്‍ഡിനര്‍ഹനായത്. അതേസമയം, ഇന്ന് നടക്കുന്ന ചടങ്ങില്‍ വാന്‍ഡിക്കിന്റെ പേര് ഉയര്‍ന്നു പൊങ്ങിയാല്‍ ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് നേടുന്ന ആദ്യത്തെ പ്രതിരോധ താരവും ഡച്ച് താരവുമായി ഈ ലിവര്‍പൂളുകാരന്‍ മാറും.
ലിവര്‍പൂളിനെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ കിരീടത്തില്‍ മുത്തമിടാനും ഹോളണ്ടിനെ യുവേഫ നാഷന്‍സ് ലീഗിന്റെ ഫൈലില്‍ എത്തിക്കാനും കഴിഞ്ഞ വാന്‍ഡിക്കിനാണ് ഇത്തവണ അവാര്‍ഡ് ലഭിക്കാന്‍ കൂടുതല്‍ സാധ്യത. മെസിയേയും റൊണാള്‍ഡോയേയും പിന്തള്ളി ഈയിടെ യുവേഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും വാന്‍ഡിക്കായിരുന്നു. സീസണില്‍ യുവന്റസിനെ സീരി എ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക ഘടകമായ റോണോ ലീഗിലെ ഏറ്റവും താരമൂല്യമുള്ള താരമായി മാറുകയും ചെയ്തു. യുവേഫ നാഷന്‍സ് കപ്പില്‍ കൂടുതല്‍ ഗോളുമായി തിളങ്ങിയ റൊണാള്‍ഡോയുടെ കളി മികവിലാണ് പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ കിരീടം ഉയര്‍ത്തിയതും.
ബാഴ്‌സലോണയിലെ മിന്നും പ്രകടനമാണ് മെസിയെ അവസാന റൗണ്ടിലും കൊണ്ടെത്തിച്ചത്. ലാലിഗയില്‍ ബാഴ്‌സയെ ജയത്തിലേക്ക് നയിച്ചതിനു പുറമേ, ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലും കോപ ഡെല്‍ റേയുടെ ഫൈനലിലും ബാഴ്‌സയെ എത്തിക്കുന്നതില്‍ അവിഭാജ്യ ഘടകമായി. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഗോള്‍സ്‌കോറര്‍മാരില്‍ മുന്‍പന്തിയിലെത്തി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കിയും താരം വീണ്ടും ആരാധക മനസില്‍ ഇടം പിടിച്ചു. കോപ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് വെങ്കലമെഡല്‍ നേടിക്കൊടുക്കുന്നതില്‍ ഈ താരത്തിന്റെ നീക്കമുവുണ്ടായിട്ടുണ്ട്. ഫിഫയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലും യൂറ്റൂബിലും തത്സമയം കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."