പരിശോധനകളില്ല; കെ.എസ്.ആര്.ടി.സി ബസുകള്‍ വിഷപ്പുക തുപ്പുന്നു
കുന്നുംകൈ: ജില്ലയില്‍ വിഷപ്പുക തുപ്പുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നതായി ആക്ഷേപം. ജില്ലയിലെ പല കെ.എസ്.ആര്.ടി.സി ബസുകളും പുക പരിശോധന നടത്താതെയാണ് നിരത്തിലിറക്കുന്നതെന്നാണ് ആരോപണം. മലയോരത്തെ കെ.എസ്.ആര്.ടി.സി ബസുകളിലാണ് ഇത്തരത്തിലുള്ള വിഷപ്പുക തുപ്പുന്നത് കൂടുതലായുള്ളത്. പഴക്കം ചെന്ന സ്വകാര്യവാഹനങ്ങളിലും കുറവല്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊലിസോ മോട്ടോര്‍ വാഹന വകുപ്പോ പരിശോധിക്കാത്തതിനാല്‍ അവക്കൊന്നും പേരിനു പോലും സര്‍ട്ടിഫിക്കറ്റില്ലെന്നും അന്തരീക്ഷ മലിനീകരണത്തെ നിസാരമായി തള്ളിക്കളയുകയാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളെന്നും ആക്ഷേപമുണ്ട്.
കെ.എസ്.ആര്.ടി.സിയുടെ പഴയ വാഹനങ്ങള്‍ മാത്രമല്ല കോര്പറേഷന് നിരത്തിലിറക്കിയ പുതിയ ബസുകളായ ലോ ഫ്ളോര്‍, വോള്‍വോ ബസുകളും വന്‍ അന്തരീക്ഷ മലിനീകരണമാണ് സൃഷ്ടിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുമ്പോള്‍ പരിശോധിക്കുമെങ്കിലും ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ വീണ്ടും പഴയ സ്ഥിതിയിലാവും. വര്‍ക്ക് ഷോപ്പുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ഉപകരണമില്ലാത്തതും കെ.എസ്.ആര്.ടി.സി മെക്കാനിക്കുകള്‍ക്ക് പുതിയ ബസുകളെ കുറിച്ചുള്ള പരിശീലനം ലഭിക്കാത്തതും മുഖ്യകാരണമാണെന്ന് ജീവനക്കാര്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളും പേരിനു പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."