താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന ഉറപ്പ് പാലിച്ചില്ല
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കോര്പറേഷന് പരിധിയിലെ നാനൂറോളം വരുന്ന ഖരമാലിന്യ തൊഴിലാളികള്‍ സമരം തുടങ്ങി.
വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളാണ് താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം തുടങ്ങിയത്. ജില്ലാ ഖരമാലിന്യ തൊഴിലാളി യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് സമരം. പണിമുടക്കിന്റെ ഭാഗമായി കോര്പറേഷന് പരിസരത്ത് പന്തല്‍കെട്ടിയാണ് സമരം ആരംഭിച്ചത്.
സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. പി.എ ചന്ദ്രശേഖരന് അധ്യക്ഷനായി. പി.കെ മുകുന്ദന്, സുലൈമാന്‍, പി. ഗിരിജ പ്രസംഗിച്ചു. താല്‍ക്കാലിക തൊഴിലാളികളാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
14 വര്‍ഷം മുന്‍പ് താല്‍ക്കാലിക തൊഴിലാളികളാക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സമരം തുടങ്ങിയതോടെ കോര്പറേഷന് പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യശേഖരണം സ്തംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."