ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍: ബി.ജെ.പി പ്രതിരോധത്തില്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. പ്രസംഗം സംബന്ധിച്ച് വിശദീകരിക്കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടതോടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി ലക്ഷ്യമിട്ടത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് തെളിഞ്ഞു.
ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജന്‍ഡ മുന്നോട്ടുവച്ചു. ആ അജന്‍ഡക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവു പറഞ്ഞുവെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ തുറന്നുപറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ശബരിമലയുടെപേരില്‍ നടക്കുന്ന സമരങ്ങളില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് രാഷ്ട്രീയ നേട്ടമാണെന്നാണ്. തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്ന അവസരത്തില്‍ സംഘ്പരിവാര്‍ സംഘടനകളിലെ 5,000 പേരെയാണ് യുവതീ പ്രവേശനം തടയാന്‍ ബി.ജെ.പി നിയോഗിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും വി.വി രാജേഷും അടക്കമുള്ള ചില നേതാക്കള്‍ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും ചെയ്തു.
നിലയ്ക്കലും പമ്പയിലും നടന്ന അക്രമങ്ങള്‍ക്കുപിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന ആക്ഷേപം നേരത്തേതന്നെ ഉയര്‍ന്നതാണെങ്കിലും ബി.ജെ.പി നേതൃത്വം അത് അംഗീകരിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരസ്യമായി സമ്മതിക്കുന്ന തരത്തിലുള്ളതാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം.
ശബരിമല വിഷയത്തില്‍ സമരവുമായി ഇറങ്ങിയതിന്റെ നേട്ടം മുഴുവന്‍ ഒറ്റദിവസം കൊണ്ട് സംസ്ഥാന പ്രസിഡന്റുതന്നെ നഷ്ടപ്പെടുത്തിയതില്‍ ബി.ജെ.പിക്കുള്ളില്‍ അസംതൃപ്തിയുണ്ട്. യുവമോര്‍ച്ചയിലെ ഒരുവിഭാഗമാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. ശ്രീധരന്‍പിള്ളയെ അംഗീകരിക്കുന്നതില്‍ വിമുഖതകാട്ടുന്ന ബി.ജെ.പിയിലെ ഒരുവിഭാഗം പാര്‍ട്ടിക്ക് പൊടുന്നനെയുണ്ടായ തിരിച്ചടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."