കരുവള്ളിക്കുന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിഷേധം ശക്തം
കല്‍പ്പറ്റ: ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കരുവള്ളിക്കുന്നില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി നഗരസഭ നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി. ജനവാസ കേന്ദ്രത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം നടത്താനും കോടതിയെ സമീപിക്കാനും കരുവള്ളിക്കുന്ന് ജനകീയ സമിതി തീരുമാനിച്ചതാണ് നഗരസഭയുടെ നീക്കങ്ങള്‍ക്ക് പ്രഹരമായത്. നഗരസഭയിലെ എട്ടാം ഡിവിഷനില്‍ കുപ്പാടിക്ക് സമീപമുള്ള കരുവള്ളിക്കുന്നില്‍ നഗരസഭയുടെ ഉമടസ്ഥയിലുള്ള 50 സെന്റ് സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ജനകീയ സമിതിയുടെ ഇടപെടല്‍.
കരുവള്ളിക്കുന്നില്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജനകീയ സമിതി.
ജനവാസം ഇല്ലാത്തതോ തീരെ കുറഞ്ഞതോ ആയ സ്ഥലം കണ്ടെത്തി പ്ലാന്റ് പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് സമിതി ചെയര്‍പേഴ്‌സണ്‍ പ്രീത രവി, വൈസ് ചെയര്‍മാന്‍ വി.കെ രഘു, കണ്‍വീനര്‍ ടി.ജെ. അനുരാജ്, അംഗങ്ങളായ ഒ.പി സലിം, എന്‍.ആര്‍ ഇന്ദു, പി.വി ജോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുവള്ളിക്കുന്നില്‍ പ്ലാന്റ് പണിയാന്‍ നഗരസഭ തീരുമാനിച്ച സ്ഥലവുമായി അതിരിടുന്നതാണ് 26 വീടുകളുള്ള വടച്ചിറ കുറുമ കോളനി. നിര്‍ദിഷ്ട പ്ലാന്റിനു രണ്ട് കിലോമീറ്റര്‍ പരിധിയില്‍ 2000ഓളം കുടുംബങ്ങളാണുള്ളത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ ആദ്യമായായാണ് കരുവള്ളിക്കുന്നില്‍ വൈദ്യുതി ഉല്‍പാദനവും സാധ്യമാകുന്ന വിധത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. ജനകീയ സമിതി മുന്‍കൈയെടുത്ത് എട്ടുതവണ വടച്ചിറ കോളനിയില്‍ യോഗം വിളിച്ചെങ്കിലും പങ്കെടുത്ത് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയാറായില്ല. പ്ലാന്റ് സ്ഥാപിക്കുന്നതിലുള്ള എതിര്‍പ്പുകളെ അടിച്ചമര്‍ത്തുമെന്ന തീരുമാനത്തിലാണ് നഗരസഭ അധികൃതര്‍. പ്ലാന്റിനെതിരേ ശബ്ദിക്കുന്നത് ആദിവാസികളായാലും ജാമ്യം ലഭിക്കാത്ത കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുമെന്ന് ചില അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്. പ്ലാന്റ് നിര്‍മിക്കുന്നതിരേ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.
പ്ലാന്റ് നിര്‍മാണം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."