സ്വാമി അഗ്നിവേശിനു നേരെ കൈയേറ്റ ശ്രമം; 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പൂജപ്പുരയിലെ പൊതുപരിപാടിയില്‍വെച്ച് സ്വാമി അഗ്‌നിവേശിന് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അമ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്വാമി അഗ്‌നിവേശിന്റെ പരാതിയില്‍ പൂജപ്പുര പൊലിസാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഗ്‌നിവേശിനു നേരെയുണ്ടായ കൈയേറ്റശ്രമത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിയിരുന്നു. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതിമണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം തിരക്കിലായതിനാല്‍ എത്തില്ലെന്നറിയിച്ചു. തുടര്‍ന്നാണ് സ്വാമി അഗ്‌നിവേശിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്.
ഇതിനിടെ നാട്ടുചികിത്സാ ക്യാംപിനെത്തുന്നവര്‍ക്ക് അംഗീകാരമില്ലെന്ന പരാതി വന്നതോടെ ക്യാംപ് നടത്താനാവില്ലെന്ന് പൊലിസ് നോട്ടിസ് നല്‍കി. ഇതോടെ ബോധവത്കരണപരിപാടി നടത്താന്‍ വൈദ്യസഭ തീരുമാനിച്ചു. ഇത് ഉദ്ഘാടനം ചെയ്യാന്‍ സ്വാമി അഗ്‌നിവേശ് വേദിയിലെത്തിയതോടെ ഒരു സംഘം പ്രതിഷേധവുമായി എത്തി.
സ്വാമി അഗ്‌നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. മുദ്രാവാക്യം വിളികളുമായി അവര്‍ വേദിക്കുമുന്നിലെത്തി. ചിലര്‍ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചതോടെ സ്വാമിതന്നെ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."