മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍
മലപ്പുറം: മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലാ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. തീവ്രവാദത്തിനെതിരേ മുഖ്യധാരാ മുസ്‌ലിം സംഘടനകളേയും സാമൂഹിക, സാംസ്‌കാരിക സംഘടനകളേയും അണിനിരത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് യോഗത്തിനു ശേഷം ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫാസിസത്തെ പോലെ എതിര്‍ക്കപ്പെടേണ്ടതാണ് തീവ്രവാദവും. തീവ്രവാദത്തിനെതിരേ ശക്തമായ പോരാട്ടം കാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും.
സഊദിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതുള്‍പ്പെടെ ലീഗ് പോഷക സംഘടനയായ കെ.എം.സി.സി പ്രവര്‍ത്തന നിരതരാണ്. പ്രയാസമനുഭവിക്കുന്ന തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി രംഗത്തിറങ്ങണമെന്നു സെക്രട്ടേറിയറ്റ് വിദേശ മലയാളികളോട് അഭ്യര്‍ഥിച്ചു. കരിപ്പൂര്‍ വിമാനത്താവള പ്രവൃത്തികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനു അടിയന്തരമായി സൗകര്യമൊരുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കെ.എം. മാണിയും യു.ഡി.എഫുമായുളള വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് യോഗ തീരുമാനത്തിനുസരിച്ചാകും ലീഗിന്റെ ഇടപെടലെന്നു ചോദ്യത്തിനു മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയുമായി താന്‍ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി യോഗം കഴിയട്ടെയെന്നാണ് മാണിയുടെ മറുപടി. തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ രണ്ടു ദിവസങ്ങളിലായി നടന്ന പ്രവര്‍ത്തക സമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതിക്കു സെക്രട്ടറിയേറ്റ് രൂപം നല്‍കി. നിയസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു പുന: സംഘടിപ്പിക്കുമെന്നു ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തക സമിതി മുന്നോട്ടുവെച്ച പ്രധാന പദ്ധതികളിലൊന്ന്. മുസ്‌ലിം ലീഗ് മുന്നോട്ടുവെക്കുന്ന മത സൗഹാര്‍ദ സന്ദേശം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ബാലവേദി രൂപീകരണം. പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളില്‍ യഥാസമയം ലഭ്യമാക്കാന്‍ കോഴിക്കോട് മീഡിയ റൂം തുടങ്ങാനും തീരുമാനമായി.
യോഗത്തില്‍ ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, സെക്രട്ടറിയേറ്റ് അംഗങ്ങളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.കെ.കെ ബാവ, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, പി.എച്ച് അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, എം.സി മായീന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ടി.എം സലീം, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.എസ് ഹംസ, സി. മോയീന്‍ കുട്ടി, അബ്ദുറഹിമാന്‍ കല്ലായി, സി.പി ബാവ ഹാജി, അഡ്വ. യു.എ. ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."