ജപ്പാനില്‍ സംഹാരതാണ്ഡവമാടി ഹാഗിബിസ്; മരണം 56 ആയി
ടോക്കിയോ: അരനൂറ്റാണ്ടിനിടെ രാജ്യം കണ്ട ശക്തമായ ചുഴലിക്കൊടുങ്കാറ്റ് ജപ്പാനില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. 80 ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചെങ്കിലും ഹാഗിബിസ് ചുഴലിക്കാറ്റ് 56 പേരുടെ ജീവന്‍ കവര്‍ന്നതായി ദേശീയ ടെലിവിഷന്‍ അറിയിച്ചു. 15 പേരെ കാണാതായിട്ടുമുണ്ട്.
ശനിയാഴ്ച രാത്രിയോടെ കര തൊട്ട ഹാഗിബിസ് വന്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും ഇടയാക്കി. മണിക്കൂറില്‍ 216 കി.മീ വേഗത്തില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. 142 നദികള്‍ കരകവിഞ്ഞൊഴുകി. വീടുകളുടെ മേല്‍ക്കൂരകളിലും ബാല്‍ക്കണിയിലും കഴിയുന്ന ആളുകളെ ഹെലികോപ്റ്ററും ബോട്ടും ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.
ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ശുദ്ധജലമില്ലാതെ കഴിയുകയാണെന്ന് ദുരന്തനിവാരണവിഭാഗം അറിയിച്ചു. മുക്കാല്‍ ലക്ഷം പേര്‍ വൈദ്യുതബന്ധം നഷ്ടമായി ഇരുട്ടിലാണ്. രക്ഷ തേടി നാടുവിട്ട ലക്ഷക്കണക്കിനു പേര്‍ക്ക് എന്ന് സ്വദേശത്തെത്താനാവുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. വിമാന സര്‍വീസുള്‍പ്പെടെ രാജ്യത്തെ ഗതാഗത സംവിധാനം ആകെ നിലച്ച മട്ടാണ്.
ചുഴലിക്കാറ്റ് കടപുഴക്കിയ ജപ്പാനെ സഹായിക്കാനായി ഇന്ത്യ രണ്ട് യുദ്ധക്കപ്പലുകളെ അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."