റദ്ദാക്കിയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് മാറ്റിയെടുക്കാം: ആര്.ബി.ഐ
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചു. അടുത്തമാസം 20നകം ഇത്തരം നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശം. നേരത്തെ 2016 ഡിസംബര്‍ 31വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ ബാക്കിയുണ്ടെങ്കില്‍ അത് 30 ദിവസത്തിനകം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
പണം നിക്ഷേപിക്കുന്നതിനുള്ള നിബന്ധനകളും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും 2016 ഡിസംബര്‍ 30നുള്ളില്‍ സ്വീകരിച്ച നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാവു. എന്തുകൊണ്ട് ഈ നോട്ടുകള്‍ നേരത്തെ നല്കിയ സമയപരിധിക്കുള്ളില്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചില്ലെന്നതു സംബന്ധിച്ച് തൃപ്തികരമായ സത്യവാങ്മൂലവും നല്‍കണം.
കഴിഞ്ഞ 2016 നവംബര്‍ 8നാണ് 1000, 500 നോട്ടുകള്‍ അസാധുവാക്കി ആര്.ബി.ഐ ഉത്തരവിട്ടത്. പിന്നീട് 2000 രൂപയുടേയും 1000 രൂപയുടേയും പുതിയ നോട്ടുകള്‍ ആര്.ബി.ഐ പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."