ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ പോയവര്‍ ദുഃഖിക്കേണ്ടിവരും: പി. ഐഷാപോറ്റി എം.എല്‍.എ
കൊട്ടാരക്കര: ശബരിമല അയ്യപ്പഭഗവാന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നും എല്ലാ അയ്യപ്പക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പോകാമെങ്കില്‍ ശബരിമലയില്‍ എന്തുകൊണ്ടു പോകാന്‍ പാടില്ലെന്നും സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പേ താന്‍ നിയമസഭയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നതാണെന്നും പി. ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. കുളക്കട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. പഴയകാലത്ത് വഴി സൗകര്യമില്ലാത്ത കാട്ടിലൂടെ പോകാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാന്‍ പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ പോകരുതെന്ന് അന്നു പറഞ്ഞത്. താനും ഒരു ബ്രാഹ്മണ സ്ത്രീയാണ്, ഈശ്വര വിശ്വാസിയുമാണ്. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ പോയവര്‍ എപ്പോഴെങ്കിലും ദു:ഖിക്കേണ്ടിവരും. പ്രത്യേകിച്ച് സ്ത്രീകള്‍. അയ്യപ്പസ്വാമിയെ വിശ്വസിച്ചു മനസില്‍ ധ്യാനിച്ചു പോകുന്നവര്‍ക്കു അനുവാദം കൊടുക്കണം. എന്നാല്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് കേമത്തം കാണിക്കാനുള്ള സ്ഥലമല്ല പരിപാവനമായ ശബരിമല. യഥാര്‍ഥമായ ഭക്തിയോടെ എല്ലാ രാഷ്ര്ടീയ പാര്‍ട്ടി പ്രവര്‍ത്തകരും ശബരിമലയില്‍ പോകണമെന്നാണു തന്റെ അഭിപ്രായമെന്നും എം.എല്‍.എ. പറഞ്ഞു. സി.പി.ഐ. കുളക്കട ലോക്കല്‍ സെക്രട്ടറി സുജിത്ത് അധ്യക്ഷനായി. ചിറ്റയം ഗോപകമാര്‍ എം.എല്‍.എ., സി.പി.എം. കുളക്കട ലോക്കല്‍ സെക്രട്ടറി കെ.തുളസീധരന്‍പിള്ള, എല്‍.ഡി.എഫ്. നേതാക്കളായ എ.മന്മഥന്‍നായര്‍, അഡ്വ. പി.ടി.ഇന്ദുകമാര്‍, ആര്‍.രാജേഷ് ,എസ്.രഞ്ജിത്ത്, ഷാജി, വെട്ടിക്കവല ബ്ലോക്ക് പ്രസിഡന്റ് കെ.ചന്ദ്രകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."