തീവ്രശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് മേയര്‍
കൊച്ചി : പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമുള്ള തീവ്രശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിന്‍. ഇന്നലെ കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കൂടാതെ ശുചീകരണ പരിപാടിയില്‍ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ 27ന് രാവിലെ 10.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് യോഗം ചേരാനും കൗണ്‍സില്‍ തീരുമാനമെടുത്തു.
അന്നു വൈകുന്നേരം തന്നെ നഗരത്തിലെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ യോഗം വിളിക്കാനായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ മേയര്‍ ചുമതലപ്പെടുത്തി. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി ഡിവിഷന്‍ തലത്തില്‍ 30000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതില്‍ 5000 രൂപ മെഡിക്കല്‍ ക്യാംപുകള്‍ക്കായി നീക്കി വെക്കണം. ബാക്കി തുക തങ്ങളുടെ ഡിവിഷനില്‍ കൊതുകു നശീകരണത്തിനും മറ്റുമായി കൗണ്‍സിലര്‍മാര്‍ക്ക് ഉപയോഗിക്കാം. അടുത്ത ബുധനാഴ്ച്ചക്ക് മുമ്പായി 30000 രൂപയും കൗണ്‍സിര്‍മാര്‍ക്ക് ലഭിക്കുമെന്നും മേയര്‍ വ്യക്തമാക്കി. മാലിന്യ നീക്കത്തിന് കരാര്‍ എടുത്ത വ്യക്തികള്‍ വേണ്ട വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതിയും കൗണ്‍സിലര്‍മാര്‍ ഇന്നലെ ഉന്നയിച്ചു.
ഭരണ പ്രതിപക്ഷ വത്യാസമില്ലാതെയായിരുന്നു കരാറുകാര്‍ക്കെതിരെയുള്ള കൗണ്‍സിലര്‍മാരുടെ കടന്നാക്രമണം. തന്റെ ഡിവിഷനില്‍ റോഡുകളുടെ ഇരുവശത്തും കുമിഞ്ഞു കൂടിയ മാലിന്യം നീക്കാന്‍ വാഹനം ചോദിച്ചിട്ട് ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ സുനില ശെല്‍വന്‍ ആരോപിച്ചു. തുടര്‍ന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വി.കെ മിനിമോള്‍, പ്രതിപക്ഷ കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് തുടങ്ങിയവരും കരാറുകാരുടെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ചു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കരാര്‍ തത്കാലം തുടരട്ടെ എന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചത്. നാളെ മുതല്‍ ആരംഭിക്കുന്ന ശുചീകരണ പരിപാടിയില്‍ മാലിന്യം നീക്കം ചെയ്യാന്‍ വാഹനങ്ങള്‍ ആവശ്യമാണ്. അല്ലാത്ത പക്ഷം മാലിന്യ നീക്കം നിലക്കും. മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യമുള്ള വാഹനങ്ങള്‍ ലഭ്യമാക്കാന്‍ കരാറുകാര്‍ക്ക് നോട്ടീസ് അയക്കാമെന്നും മറുപടി തൃപ്തികരമല്ലാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നും മേയര്‍ അറിയിച്ചു. തട്ടുകടകളിലൂടെ പകര്‍ച്ചപ്പനി വ്യാപിക്കുന്നുവെന്ന ആരോപണവും കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി.
ഇത്തരത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന തട്ടുകടകള്‍ നിരോധിക്കണമെന്നും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തട്ടുകടകള്‍ നിരോധിക്കുന്നതിനു പകരം എണ്ണം പരിമിതപ്പെടുത്താമെന്ന ആശയമാണ് മേയര്‍ മുന്നോട്ടു വെച്ചത്.
മാനദണ്ഡങ്ങള്‍ പാലിച്ച് തട്ടുകടകള്‍ക്ക് ലൈസന്‍സ് ഏര്‍പെടുത്താമെന്നും നിശ്ചിത ലൈസന്‍സുകളായി എണ്ണം ചുരുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെ എതിര്‍ത്തു. കുത്തകവത്കരിച്ച പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സഹായിക്കുന്ന നിലപാടാണ് മേയര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."