കശ്മിരില്‍ ഏഴു മില്യന്‍ ജനങ്ങളുടെ ജീവിതം തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: കശ്മിരിലെ നിയന്ത്രണങ്ങളിലൂടെ ഏഴു മില്യന്‍ ജനങ്ങളുടെ ജീവിതമാണ് അവിടെ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നതെന്ന് കപില്‍ സിബല്‍. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് നല്‍കിയ കേസില്‍ സുപ്രിംകോടതിയില്‍ വാദം നടത്തുകയായിരുന്നു സിബല്‍.
ഇതുപോലെ ഏഴു മില്യന്‍ ജനങ്ങളുടെ ജീവിതം തടഞ്ഞുവയ്ക്കപ്പെട്ട സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ടോയെന്ന് കപില്‍ സിബല്‍ ചോദിച്ചു. കശ്മിരിലേക്ക് എനിക്ക് പോകാമെന്നോ പോകരുതെന്നോ പറയാന്‍ സര്‍ക്കാരിന് കഴിയില്ല. ഭരണഘടനയുടെ 19ാം വകുപ്പ് പ്രകാരം സര്‍ക്കാരിന് പുറത്തുപോയി പ്രസംഗിക്കാന്‍ പാടില്ലെന്നോ വീട്ടിനുള്ളില്‍ തന്നെ ഇരിക്കണമെന്നോ പറയാന്‍ അധികാരമില്ലെന്നും ജസ്റ്റിസുമാരായ ആര്‍.വി രമണ, സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ സിബല്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ കക്ഷിക്ക് ഒരു വിവരം ലഭിക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുകയെന്ന് സിബല്‍ ചോദിച്ചു.
സാധാരണ വാര്‍ത്തകള്‍ ലഭ്യമാകുന്നതില്‍ നിന്നും ആശുപത്രിയില്‍ പോകാന്‍ പൊതുഗതാഗതം ലഭ്യമാക്കുന്നതില്‍ നിന്നും അയാളെ എങ്ങനെ തടയാന്‍ കഴിയും. വാര്‍ത്തകള്‍ അറിയുന്നത് ഏതു അന്താരാഷ്ട്ര ബന്ധത്തെയാണ് ബാധിക്കുക. ഭീകരതയുടെ പേരില്‍ ഒരു സംസ്ഥാനത്തെ മൊത്തം അടച്ചിടാന്‍ പറ്റില്ല.
സമാധാനപരമായ സമരങ്ങളെ ഇല്ലാതാക്കാന്‍ അധികാരമില്ല. അടച്ചു പൂട്ടിയിടലും ക്രമസമാധാനവും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന് സിബല്‍ ചോദിച്ചു. വാദം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."