ഹരേന്‍ പാണ്ഡ്യയെ കൊന്നതാര്?
ന്യൂഡല്‍ഹി: ഗുജറാത്ത് രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിയെക്കാള്‍ സ്വാധീനമുണ്ടായിരുന്ന മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആരെന്ന ചോദ്യം ഒരിടവേളയ്ക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നു. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സൊഹ്‌റാബുദ്ദീന്‍, പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെയുണ്ടായ സാക്ഷിമൊഴികളാണ് ഈ കേസ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണം.
2003 മാര്‍ച്ച് 26നു പ്രഭാതസവാരിക്കിടെയാണ് പാണ്ഡ്യ വെടിയേറ്റു മരിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ വലംകൈയായി സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി വാഴുമ്പോള്‍ നരേന്ദ്രമോദി ബി.ജെ.പി ദേശീയ സെക്രട്ടറിയായി 'ഉയര്‍ത്ത'പ്പെട്ടിരിക്കുകയായിരുന്നു. 2001ലെ ഭൂകമ്പത്തെ തുടര്‍ന്നു കേശുഭായി രാജിവച്ചു. എം.എല്‍.എ അല്ലാതിരുന്ന മോദി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായതിനെ തുടര്‍ന്നു സുരക്ഷിത മണ്ഡലംതേടിയ മോദി, പാണ്ഡ്യയുടെ എല്ലിസ്ബ്രിഡ്ജ് ചോദിച്ചെങ്കിലും അദ്ദേഹം നല്‍കിയില്ല. ഇതിനിടെ 2002ല്‍ ഗുജറാത്ത് കലാപമുണ്ടായി. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സമിതിക്കു മുന്‍പാകെ മോദിക്കെതിരേ പാണ്ഡ്യ നിര്‍ണായകമായ മൊഴിനല്‍കി. ഗോധ്രയില്‍ തീവണ്ടി അഗ്നിക്കിരയാക്കപ്പെട്ട ദിവസം രാത്രി വിളിച്ച ഉന്നതതലയോഗത്തില്‍ 'ജനം അവരുടെ നിരാശ പ്രകടിപ്പിക്കട്ടെ, ഹിന്ദുക്കള്‍ക്കു തിരിച്ചടിക്കാന്‍ അവസരം നല്‍കണം' എന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതടക്കമുള്ള വിവരങ്ങളാണ് പാണ്ഡ്യ വെളിപ്പെടുത്തിയത്.
ആ വര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ പാണ്ഡ്യയ്ക്കു സീറ്റ് ലഭിച്ചില്ല. ഇതു വലിയ വിവാദമായി. വൈകാതെ അദ്ദേഹം രാജ്യസഭയിലേക്കും ദേശീയ നേതൃത്വത്തിലേക്കും പരിഗണിക്കപ്പെട്ടു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹക സമിതിയിലേക്കു നിയമിക്കപ്പെട്ട അറിയിപ്പുമടങ്ങിയ ഫാക്‌സ് സന്ദേശം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്. കലാപത്തെ തുടര്‍ന്നു പ്രധാനമന്ത്രി വാജ്‌പേയി മോദിയെ അടുപ്പിക്കാതിരുന്നതോടെ ദേശീയ നേതൃത്വത്തില്‍ മോദി ഒറ്റപ്പെട്ടതിനു പിന്നാലെ, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നു പാണ്ഡ്യ പ്രഖ്യാപിക്കുകയും ചെയ്തു.
മോദിയുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കേയായിരുന്നു പാണ്ഡ്യയുടെ മരണം. മരണവീട്ടില്‍ വന്ന മോദിയെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ അനുവദിക്കാതെ പാണ്ഡ്യയുടെ അച്ഛന്‍ വിത്തല്‍ഭായി പൊട്ടിത്തെറിച്ചു. 2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ അദ്വാനിക്കെതിരേ വിത്തല്‍ഭായി മത്സരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പു പാണ്ഡ്യയ്ക്കുള്ള സുരക്ഷ പിന്‍വലിച്ചെന്നാരോപിച്ച വിത്തല്‍ഭായ്, സംഭവത്തിനു പിന്നില്‍ അദ്വാനിക്കും പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
കേസില്‍ അസ്ഗറലി അടക്കമുള്ള ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു പോട്ട ചുമത്തി അകത്തിട്ടു. 2011ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ച കോടതി, അറസ്റ്റിലായ മുഴുന്‍ പേരെയും വെറുതെവിട്ടു. കേസ് തുടക്കത്തില്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥനായ വൈ.എ ശൈഖാണ് അന്വേഷിച്ചത്. മോദിക്കു വേണ്ടി പാണ്ഡ്യയെ കൊന്നതു ഗുജറാത്ത് പൊലിസായിരുന്നുവെന്നു തെഹല്‍ക്ക ലേഖികയോട് സംസാരിക്കവേ ശൈഖ് വെളിപ്പെടുത്തിയിരുന്നു. ഇതേ മൊഴിയാണ് കഴിഞ്ഞയാഴ്ച സൊഹ്‌റാബുദ്ദീന്‍ കേസിലും അസംഖാന്‍ എന്ന സാക്ഷിയും നല്‍കിയത്.
പാണ്ഡ്യയെ കൊലപ്പെടുത്താന്‍ ഡി.ജി വന്‍സാര എന്ന ഗുജറാത്ത് മുന്‍ എ.ഡി.ജി.പി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു സൊഹ്‌റാബുദ്ദീന്‍ തന്നോടു പറഞ്ഞതായും അസംഖാന്‍ മൊഴിനല്‍കുകയുണ്ടായി. ഈ വിവരം പുറത്താകാതിരിക്കാനാണ് സൊഹ്‌റാബുദ്ദീനെ കൊന്നതെന്നാണ് അദ്ദേഹത്തിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."