അമിത്ഷാ എത്തുന്നു: ശബരിമല: ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം
കോഴിക്കോട്: സുവര്‍ണാവസരമായി കണ്ട് ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിച്ച ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി ആരംഭിച്ച സമരം പെട്ടെന്ന് പിന്‍വലിച്ചതും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയത്.
കേന്ദ്ര നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചാണ് ബി.ജെ.പി പ്രക്ഷോഭം ആരംഭിച്ചതെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ ദേശീയ നേതാക്കള്‍ ശബരിമലയെ കൈവിട്ടു. സംസ്ഥാന നേതാക്കളെയും ആര്‍.എസ്.എസിനെയും ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കേരളത്തിലെ ദുര്‍ബലമായ സംസ്ഥാന നേതൃത്വത്തിനായില്ല. സര്‍ക്കാരിന്റെ ശക്തമായ നടപടികളും തിരിച്ചടിയായി.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തുന്നത്. ഇതിന്റെ മുന്നോടിയായി ദേശീയ നേതാവ് സരോജ് പാണ്ഡെയുടെ നേതൃത്തിലുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്ന് സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റാനുള്ള ബി.ജെ.പി തീരുമാനത്തില്‍ ആര്‍.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചത് സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ശ്രീധരന്‍പിള്ള തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായും ആക്ഷേപമുണ്ട്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനോട് ആലോചിക്കാതെയാണ് സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം തീരുമാനിച്ചതെന്നാണ് പരാതി.
അതേസമയം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സംരക്ഷിക്കാന്‍ പാര്‍ട്ടി വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്ന് നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായ പ്രസിഡന്റ് ഈ കാര്യത്തില്‍ താല്‍പ്പര്യമെടുത്തില്ലെന്നാണ് പ്രധാന പരാതി. വിഷയത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുന്നതായും ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നിന്ന് തിരക്കിട്ട് സമരം മാറ്റിയത് ദുരൂഹമാണെന്നും ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നേതൃത്തിന് കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനമുണ്ടായി. വി. മുരളീധരന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി രമേശ് യോഗംതുടങ്ങി ഏറെനേരം കഴിഞ്ഞാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."