രാജസ്ഥാനില്‍ വോട്ടെടുപ്പില്‍ ക്രമക്കേട്; വോട്ടിങ് യന്ത്രം പെരുവഴിയില്‍
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 'സെമി ഫൈനല്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ വ്യാപകമെന്ന് ആരോപണം. വോട്ടിങ് യന്ത്രം തെരുവില്‍നിന്ന് കണ്ടെടുത്തതും വോട്ടെടുപ്പ് നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതടക്കമുള്ള ക്രമക്കേടുകളാണ് 'സെമി ഫൈനല്‍' എന്നു വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ നടന്നത്. സംഭവം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശില്‍നിന്നു തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാജസ്ഥാനിലെ ബാരാന്‍ ജില്ലയിലെ കിഷന്‍ഗഞ്ച് മണ്ഡലത്തിലുള്ള സഹാറാബാദില്‍ ദേശീയപാതയ്ക്ക് സമീപമാണ് ഉപേക്ഷിച്ച നിലയില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയത്. വോട്ടെടുപ്പ് നടന്ന രാത്രിയിലാണ് യന്ത്രം വഴിയരികില്‍ കണ്ടെത്തിയത്. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി യന്ത്രം കൊണ്ടുപോയി. വോട്ടെടുപ്പിന് ഉപയോഗിച്ച യന്ത്രത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മുദ്രയും വച്ചിട്ടുണ്ട്. ബി.ബി.യു.എ.ഡി 41390 എന്ന സീരിയല്‍ നമ്പറിലുള്ളതാണ് യന്ത്രം. സംഭവവുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥരായ അബ്ദുല്‍ റഫീഖ്, നവല്‍ സിങ് പട്‌വാരി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. യന്ത്രം പിന്നീട് സ്‌ട്രോങ് റൂമിലേക്ക് മാറ്റി. വോട്ടെടുപ്പ് കഴിഞ്ഞ് കൊണ്ടുപോകുന്നതിനിടെ വീണുപോയതാകാമെന്ന ദുര്‍ബലമായ വിശദീകരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. രാജസ്ഥാനിലെ പോളിങ് ബൂത്തുകളിലൊന്നിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടര്‍മാരോട് ബി.ജെ.പിക്ക് വോട്ട്‌ചെയ്യാന്‍ ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബി.ജെ.പി സ്ഥാനാര്‍ഥി അശോക് പര്‍നാമിയുടേതാണ് യന്ത്രത്തിലെ ആദ്യ പേര്. വോട്ട് ചെയ്യാനെത്തിയവരോട് യന്ത്രത്തിലെ ആദ്യ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു പോളിങ് ഓഫിസര്‍ ചെയ്തത്. ഇതു ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് മര്‍ദനമേറ്റത്. മാധ്യമപ്രവര്‍ത്തകന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ലാല്‍ കോത്തി ഏരിയയിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജ്കുമാര്‍ ശര്‍മയാണ് മര്‍ദിച്ചത്. പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ നിരവധിപേരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും ആരോപണമുണ്ട്. വി.വി പാറ്റ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നുള്ള ആരോപണവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."