മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി ഒരു കാലത്തും കോണ്‍ഗ്രസ് കണ്ടിട്ടില്ല, ഒരുകാലത്തും അങ്ങനെ ഒരു ബില്‍ നടപ്പാക്കാന്‍ അനുവദിക്കുകയുമില്ല: എ.കെ ആന്റണി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് ഒരുകാലത്തും ഇതിനെ അംഗീകരിക്കില്ലെന്നും ഇതു നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോണ്‍ഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍.പി.ആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും ആന്റണി പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്, ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതില്‍ ചെയ്തിട്ടുള്ളതെന്നും ആന്റണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഒരുകാലത്തും ഇതിനെ അനുകൂലിക്കില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതു മറച്ചുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആന്റണി പറഞ്ഞു.
അച്ഛന്‍ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്നു ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍.പി.ആറില്‍ ഉള്ളത്. ഇതിനുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടെയുമൊന്നും ജനന തീയതി തനിക്കു പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്നും ആന്റണി ചോദിച്ചു.
കേരളത്തില്‍ നിയമത്തിനെതിരായ സമരത്തില്‍ ഭിന്നതയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാനത്തെ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് അതത് സംസ്ഥാന ഘടകങ്ങളാണെന്ന് ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."