എവറസ്റ്റില്‍ കയറിയെന്നവകാശപ്പെട്ട പൊലിസ് ദമ്പതികള്‍ക്ക് പണി പോയി
പൂനെ: എവറസ്റ്റ് കീഴടക്കിയെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴിപ്രചരിപ്പിച്ച പൊലിസുകാരായ ദമ്പതികളുടെ പണി പോയി. ദിനേശ് റാത്തോഡ്, ഭാര്യ തര്‍ക്കേശ്വരി റാത്തോഡ് എന്നിവര്‍ക്കാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചതിന്റെ പേരില്‍ പണി പോയത്.
2016 മെയിലാണ് എവറസ്റ്റില്‍ കയറിയ ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്ന് കണ്ട് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്ര പൊലിസിന് അവമതിപ്പുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് ഇവരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായിട്ടാണ് ദമ്പതികള്‍ എവറസ്റ്റ് കീഴടക്കിയതെന്ന് അവകാശപ്പെട്ട് 2016 ജൂണില്‍ ഇവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ അവകാശപ്പെട്ട ദിവസം ഇത്തരത്തില്‍ ദമ്പതികളാരും എവറസ്റ്റ് കയറിയിട്ടില്ലെന്ന് ഈ ദിവസങ്ങളില്‍ എവറസ്റ്റിലെത്തിയവര്‍ വെളിപ്പെടുത്തി. ഇതോടെയാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. 2016 ഓഗസ്റ്റില്‍ ദമ്പതികള്‍ക്ക് എവറസ്റ്റ് കയറുന്നതിന് 10 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദമ്പതികളുടെ അവകാശവാദത്തെക്കുറിച്ച് അറിയാന്‍ മഹാരാഷ്ട്ര പൊലിസ് നേപ്പാള്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് വ്യാജ ഫോട്ടോ വഴി തെറ്റായ വിവരം നല്‍കിയ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."