വയനാട്ടില്‍ വനത്തിലൂടെയുള്ള റോഡുകളില്‍ രാത്രിയാത്രാ നിരോധനത്തിന് നീക്കം
പുല്‍പ്പള്ളി: വയനാട്ടില്‍ വനത്തിലൂടെയുള്ള റോഡുകളില്‍ രാത്രിയാത്രക്ക് നിരോധനമേര്‍പ്പെടുത്താന്‍ വനംവകുപ്പ് നീക്കം തുടങ്ങി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വനംവകുപ്പ് ഇതുസംബന്ധിച്ചുള്ള പ്രത്യക്ഷ നീക്കങ്ങളാരംഭിച്ചത്.
ആദ്യഘട്ടത്തില്‍ വനത്തിനുള്ളിലുള്ള ഗ്രാമങ്ങളിലേക്കാണ് ഗതാഗത നിയന്ത്രണം വരുന്നത്. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ പ്രധാന പാതകളിലൂടെയുള്ള രാത്രികാല ഗതാഗതവും പിന്നീട് ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ നിരോധനവും ഏര്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ചെതലയം റെയിഞ്ചില്‍പ്പെട്ട പാതിരി നോര്‍ത്ത് സെക്ഷനില്‍ കുറിച്ചിപ്പറ്റ എന്ന ഗ്രാമത്തിലേക്കുള്ള വനത്തിലൂടെയുള്ള പാത കഴിഞ്ഞ ദിവസം വനപാലകര്‍ മുന്നറിയിപ്പില്ലാതെ അടച്ചു കഴിഞ്ഞു. വനാതിര്‍ത്തിയില്‍ കാട്ടാനകള്‍ കടക്കാതിരിക്കുന്നതിന് സ്ഥാപിച്ച ഗേറ്റുകള്‍ അടച്ചാണ് ഗതാഗതനിരോധനം ഏര്‍പ്പെടുത്തിയത്.
ഗേറ്റ് തുറന്നാല്‍ കാട്ടാനകള്‍ വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ കടക്കുമെന്ന കാരണം പറഞ്ഞാണ് ഗേറ്റ് അടച്ചതെങ്കിലും ഇതൊരൊറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇതു സംബന്ധിച്ച അന്വേഷണത്തില്‍നിന്നും വ്യക്തമാകുന്നത്. കുറിച്ചിപ്പറ്റയിലേക്കുള്ള രാത്രികാല ഗതാഗതനിരോധനത്തിനായുള്ള ബോര്‍ഡുകള്‍ വനംവകുപ്പ് തയാറാക്കി കഴിഞ്ഞിട്ടുണ്ട്.
ഈ ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രാത്രി ഒന്‍പതുമുതല്‍ രാവിലെ ആറുവരെ വനത്തിലൂടെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നുവെന്നാണ്. ബത്തേരി-പെരിക്കല്ലൂര്‍ സംസ്ഥാനപാതയിലും രാത്രികാല ഗതാഗത നിരോധനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരുളത്ത് വനംവകുപ്പ് വനാതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതനിരോധനത്തിന്റെ ആദ്യഘട്ടമായി വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെ മോട്ടോര്‍ ബൈക്കുകളാണ് നിരോധിക്കുന്നത്.
ഇതെത്തുടര്‍ന്ന് ഇതുവഴിയുളള രാത്രികാല ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുമോയെന്ന ഭീതിയിലാണ് പരിസരവാസികള്‍. കഴിഞ്ഞ വര്‍ഷം ബത്തേരി-പെരിക്കല്ലൂര്‍ സംസ്ഥാന പാതയോരത്ത് കാട്ടാന വെടിയേറ്റ് ചരിഞ്ഞിരുന്നു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള രാത്രികാല ഗതാഗതനിരോധനം മുലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടയിലാണ് വയനാട്ടില്‍ വനത്തിലൂടെയുള്ള ഗതാഗത നിരോധനത്തിന് വനംവകുപ്പ് മുന്നിട്ടിറങ്ങുന്നത്. വയനാട്ടില്‍ നിരവധി ഗ്രാമങ്ങള്‍ വനത്തിനുള്ളിലായതിനാല്‍ വനത്തിലൂടെയുള്ള ഗതാഗതനിരോധനം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുവാനേ ഇടയാക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."