ആവേശത്തിരയിളക്കി ഗബ്രിയേല്‍ ചുണ്ടന്റെ രാജകിരീടം എം.ബി പ്രസാദ്
പറവൂര്‍: ജലോത്സവങ്ങളുടെ പൈതൃകനാടായ പറവൂരിന് ഗബ്രിയേല്‍ ചുണ്ടന്റെ രാജകിരീടം ആവേശത്തിരയിളക്കി. പറവൂര്‍ക്കാരുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാല്‍കാരമാണ് ഇക്കുറി ഗബ്രിയേല്‍ ചുണ്ടനിലൂടെ സാര്‍ഥകമായത്.
പറവൂരിന്റെ ചുണക്കുട്ടികളോടൊപ്പം കുട്ടനാട്, കൈനകരി, കുമരകം എന്നിവിടങ്ങളില്‍ നിന്നുള്ള തുഴച്ചില്‍ക്കാരുമായാണ് ഇത്തവണ ഗബ്രിയേല്‍ ചുണ്ടന്‍ പുന്നമടയിലെ ഓളപ്പരപ്പിലെത്തിയത്. നെഹ്‌റു ട്രോഫിയില്‍ കഴിഞ്ഞതവണ ലഭിച്ച രണ്ടാംസ്ഥാനമാണ് വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഗബ്രിയേല്‍ ചുണ്ടനെ മുന്നോട്ടു കുതിപ്പിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാരമ്പര്യ ജലരാജാക്കന്‍മാരെ പിന്തള്ളിയാണ് പറവൂര്‍ പുത്തന്‍വേലിക്കര തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേല്‍ ചുണ്ടന്‍ അറുപത്തിഅഞ്ചാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.
മറ്റു ചുണ്ടന്‍വള്ളങ്ങളില്‍ നിന്നു വ്യത്യസ്തമായി എണ്ണംകൂട്ടി തുഴതാഴ്ത്തി വലിച്ചുമുന്നേറുന്ന രീതിയാണ് ഇവര്‍ പ്രയോഗിച്ചത്. വള്ളംകളി പറവൂര്‍ പ്രദേശങ്ങളുടെ ആവേശമാണ്.
ഏതൊരു ജലോത്സവ പ്രേമിയുടെയും ജലകായിക താരങ്ങളുടെയും ഏറെക്കാലത്തെ സ്വപ്നമാണ് നെഹ്‌റു ട്രോഫി നേടുകയെന്നത്.
ഇതിനായി തുരുത്തിപുറത്ത് പെരിയാറില്‍ 18 ദിവസത്തെ തീവ്രപരിശീലനവും പൂര്‍ത്തിയാക്കിയാണ് ഇവര്‍ മത്സരത്തിന് തയാറായത്. കഴിഞ്ഞവര്‍ഷം കാരിച്ചാല്‍ ചുണ്ടനും അതിന് മുന്‍പ് ദേവാസുമായി പുന്നമടയിലേക്ക് തുരുത്തിപ്പുറത്തുകാര്‍ പോയെങ്കിലും കഴിഞ്ഞതവണ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇക്കുറി നെഹ്‌റു കപ്പ് സ്വന്തമാക്കും എന്ന വാശിയിലായിരുന്നു നാട്ടുകാര്‍. ആലപ്പുഴയുടെയും കോട്ടയത്തിന്റെയും കുത്തക തകര്‍ത്ത് നെഹ്‌റുവിന്റെ കൈയൊപ്പ് പതിഞ്ഞ കപ്പ് ക്യാപ്റ്റന്‍ ഉമ്മന്‍ ജേക്കബ് ചെത്തിക്കാടിന്റെ നേതൃത്വത്തില്‍ പറവൂരിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."