കല്‍ക്കരി ഖനി ദുരന്തം: മനുഷ്യത്വത്തിന് വിലകല്‍പിക്കാതെ സര്‍ക്കാര്‍
മേഘാലയയിലെ ഈസ്റ്റ് ജയ്ന്‍തിയ ഹില്‍സ് ജില്ലയില്‍ കല്‍ക്കരിഖനിയില്‍ കുടുങ്ങികിടക്കുന്ന 17 തൊഴിലാളികളെ കണ്ടെത്തുന്ന ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. അവര്‍ മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ തീര്‍ത്തും ഉദാസീനമായ നിലപാടാണ് ബി.ജെ.പി ഭരിക്കുന്ന മേഘാലയാ സര്‍ക്കാരില്‍നിന്ന് ഉണ്ടായത്. അവരെക്കുറിച്ച് കൃത്യമായ ഒരു മറുപടി പറയാന്‍പോലും കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരിനു കഴിയുന്നില്ല. മനുഷ്യത്വത്തിനു നിരക്കാത്ത ഇത്തരം നടപടികള്‍ പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തിന് ഒട്ടാകെ നാണക്കേടാണ്. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും മേഘാലയ സര്‍ക്കാരും കാണിച്ച അവഗണന ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയിരിക്കുകയാണ്.
2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതാണ് ജയ്ന്‍തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖന നം. എന്നാല്‍ സര്‍ക്കാരിലെ ഒരു ഭാഗവും ഖനിമാഫിയകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലിസും സര്‍ക്കാരറില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അനധികൃത ഖനിപ്രവര്‍ത്തനം ജയ്ന്‍തിയ ഹില്‍സില്‍ നടത്തിവന്നത്. അതിനാല്‍ തന്നെയാണ് ഖനി അപകടം ഉണ്ടായിട്ടുപോലും രക്ഷാപ്രവര്‍ത്തനത്തില്‍ ഉദാസീനത പ്രകടമായതും. ആരും ചോദിക്കാനില്ലാത്ത ഒരവസ്ഥ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി പതിവുപോലെ ഇതര പാര്‍ട്ടിയില്‍നിന്ന് എം.എല്‍.എമാരെ വിലപേശി ഒപ്പംകൂട്ടിയാണ് മേഘാലയയില്‍ ഭരണം പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാതെ ഗവര്‍ണര്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. 60 അംഗ നിയമസഭയില്‍ 20 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
തെരഞ്ഞെടുപ്പു വേളയില്‍ ബി.ജെ.പി ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം നിരോധിച്ച കല്‍ക്കരി ഖന നം പുനഃസ്ഥാപിക്കുമെന്നായിരുന്നു. അതിന്റെ അനന്തരഫലമാണിപ്പോള്‍ കണ്ടത്. രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, കോര്‍പറേറ്റുകളെ മാത്രം കാണുന്ന ഒരു സര്‍ക്കാറില്‍നിന്ന് പട്ടിണിപ്പാവങ്ങള്‍ തൊഴില്‍ സുരക്ഷ പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. 13 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റ് കടം എഴുതിത്തള്ളിയ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷക, തൊഴിലാളി, സാധാരണക്കാര്‍ക്കായി നീക്കിവച്ച സബ്‌സിഡി വെറും രണ്ടു ലക്ഷത്തിച്ചില്ലാനം കോടി രൂപയാണെന്നുതിരിച്ചറിയുമ്പോള്‍ എങ്ങനെയാണ് ഈ സര്‍ക്കാരില്‍നിന്ന് പട്ടിണിപ്പാവങ്ങള്‍ തൊഴില്‍ സുരക്ഷ പ്രതീക്ഷിക്കുക?
ഭരണകൂടത്തിന്റെയും കോര്‍പറേറ്റുകളുടെയും സങ്കലനമാണ് രാഷ്ട്രം എന്ന തിയറി ഉണ്ടാക്കിയ ഫാസിസത്തിന്റെ ഉപജ്ഞാതാവ് മുസോളനിയെയാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്നത്. കോര്‍പറേറ്റുകളുടെ ഭീമന്‍കടം എഴുതിത്തള്ളിയത് പൊതുസമൂഹം അറിയാതിരിക്കാനാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും അരങ്ങേറ്റുന്നത്.
ജീവന്‍ പണയംനല്‍കി എലിമടകള്‍ എന്നറിയപ്പെടുന്ന കല്‍ക്കരി ഖനികളില്‍ തൊഴിലാളികള്‍ ആഴ്ന്നിറങ്ങുന്നത് വിശപ്പുസഹിക്കാന്‍ വയ്യാഞ്ഞിട്ടാണെന്ന് കോര്‍പറേറ്റുകളെ സുഖിപ്പിക്കുന്ന സര്‍ക്കാര്‍ അറിയുന്നില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശുഷ്‌ക്കാന്തിയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഖനിയില്‍ വെള്ളത്തില്‍ കുടുങ്ങിയ 17 പേരെയും ഇതിനകം രക്ഷപ്പെടുത്താമായിരുന്നു. ശക്തി കുറഞ്ഞ പമ്പുകള്‍ കൊണ്ടുവന്ന് ജലം വറ്റിക്കുന്ന വൃഥാവ്യായാമം നടത്തി സമയം പാഴാക്കുകയായിരുന്നു മേഘാലയ സര്‍ക്കാര്‍. ശേഷികൂടിയ പമ്പുകളായിരുന്നു വെള്ളം വറ്റിക്കാന്‍ കൊണ്ടുവന്നിരുന്നതെങ്കില്‍ അവരെ രക്ഷപ്പെടുത്താമായിരുന്നെന്ന് ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പറയുന്നു. ഇത്തരം പമ്പുകള്‍ സ്ഥലത്തെത്തിക്കാന്‍ എന്‍.ഡി.ആര്‍.എഫ് ആവശ്യപ്പെട്ടിട്ടുപോലും മേഘാലയ സര്‍ക്കാര്‍ അനങ്ങിയില്ല. തായ്‌ലന്റിലെ തുരങ്കത്തില്‍ കുടുങ്ങിയ കായിക വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ ലോകം ഒറ്റക്കെട്ടായി നിന്നു. അത്തരമൊരു സഹായഹസ്തത്തിന് അപേക്ഷിക്കാന്‍പോലും ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. കല്‍ക്കരി കലര്‍ന്ന വെള്ളത്തില്‍നിന്ന് തൊഴിലാളികളെ മികച്ച സാങ്കേതിക വിദ്യയിലൂടെ രക്ഷപ്പെടുത്താമായിരുന്നില്ലേ ലോകത്തോട് സഹായാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കില്‍?
ഇന്ത്യയുടെ ദരിദ്രമുഖം ലോകത്തിനു മുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാടുപെടുകയാണ്. കേരളത്തിലെ പ്രളയദുരന്തത്തെതുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സഹായിക്കാന്‍ സന്നദ്ധമായിട്ടും ഇന്ത്യ സഹായം സ്വീകരിക്കുന്ന രാജ്യമല്ല, സഹായം നല്‍കുന്ന രാജ്യമാണെന്ന് മേനിപറയുകയായിരുന്നു. എന്നാല്‍ കേരളത്തിന് പ്രളയ ദുരന്തനിവാരണത്തിന് മാന്യമായ തുക നല്‍കിയതുമില്ല. മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിലും ബി.ജെ.പി സര്‍ക്കാര്‍ കോര്‍പറേറ്റ് നയം തന്നെയാണ് സ്വീകരിച്ചത്. രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു ഇത്തരമൊരു ദുരന്തമുണ്ടായതെങ്കില്‍ സര്‍ക്കാര്‍ വെറുതെയിരിക്കുമായിരുന്നോ?
സര്‍ക്കാര്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ച മട്ടാണ്. അവര്‍ ജീവിച്ചിരിപ്പുണ്ടായിരിക്കില്ല എന്ന് ദേശീയ ദുരന്തനിവാരണ സേനയും പറയുന്നു. ഖനിയില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ കല്‍ക്കരി കലര്‍ന്ന വെള്ളത്തില്‍നിന്ന് തൊഴിലാളികളെ ജീവനോടെ കണ്ടെടുക്കുക അസാധ്യമാണെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്.
64 കോടി ടണ്‍ കല്‍ക്കരി നിക്ഷേപം മേഘാലയിലെ മലനിരകളില്‍ ഉണ്ടെന്നാണ് നിഗമനം. ഇതു കുഴിച്ചെടുക്കാന്‍ അനധികൃതമായും സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കാതെയും ഖനിമാഫിയകള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. അപകടങ്ങള്‍ പെരുകിയപ്പോഴാണ് റാറ്റ്‌ഹോള്‍ മൈനിങ് (എലിമട ഖനികള്‍) നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ ഉത്തരവിട്ടത്. ഉത്തരവിനു പുല്ലുവില കല്‍പിച്ചു ഖനിമാഫിയകള്‍ക്കൊപ്പം സര്‍ക്കാരും പൊലിസും നിന്നു മേഘാലയയുടെ ഭൂപ്രകൃതിയെ നശിപ്പിക്കുംവിധം അനധികൃത കല്‍ക്കരി ഖനികള്‍ക്കു നേതൃത്വം നല്‍കുന്നു. ഇതാണ് മേഘാലയയില്‍ കാണുന്ന കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."