അനധികൃതമായി സര്‍വിസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍വിസില്‍ നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും 2019 ജനുവരി 15ന് ഉച്ചയ്ക്ക് മുന്‍പായി സര്‍വിസില്‍ പ്രവേശിക്കണം. അതിനുശേഷവും അനധികൃത അവധിയില്‍ തുടരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
15ന് ശേഷം അനധികൃത അവധിയില്‍ തുടരുന്നവരെ സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ സ്ഥാപനമേധാവികള്‍, ജില്ലാ മേധാവികള്‍, നിയമനാധികാരികള്‍ എന്നിവര്‍ സമാഹരിച്ച് ജനുവരി 31നുള്ളില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കും. വകുപ്പ് തലവന്‍മാര്‍ അച്ചടക്കനടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം 2019 ഫെബ്രുവരി 10ന് മുന്‍പ് സര്‍ക്കാരിന് ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുക.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും കര്‍ശന നടപടിക്കൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."