സിന്ധു പ്രീക്വാര്‍ട്ടറില്‍; സായ് പ്രണീത് രണ്ടാം റൗണ്ടില്‍
ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. ബി സായ് പ്രണീത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതാവിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങിയ സിന്ധു കൊറിയയുടെ കിം യോ മിന്നിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ ജയം. സ്‌കോര്‍ 21-16, 21-14.
നേരത്തെ 2013, 14 ടൂര്‍ണമെന്റുകളില്‍ വെങ്കലം നേടിയ സിന്ധു ആത്മവിശ്വാസത്തോടെയാണ് മത്സരം ആരംഭിച്ചു. വെറും 49 മിനുട്ടില്‍ കളി അവസാനിപ്പിക്കാനും താരത്തിന് സാധിച്ചു. ഇതോടെ തമ്മില്‍ ഏറ്റുമുട്ടിയ അഞ്ചില്‍ നാലു തവണയും ജയം സ്വന്തമാക്കാന്‍ സിന്ധുവിന് സാധിച്ചു. ആദ്യ സെറ്റില്‍ ആധികാരികമായി തുടങ്ങിയ സിന്ധു തുടരെ എട്ടുപോയിന്റുകള്‍ നേടി എതിരാളിയെ സമ്മര്‍ദത്തിലാക്കി. കൊറിയന്‍ താരം പതിയെ പോയിന്റുകള്‍ സ്വന്തമാക്കിയെങ്കിലും 11-5ന് ലീഡെടുത്ത സിന്ധു സെറ്റ് അനായാസം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ കിം ചെറുത്തുനിന്നെങ്കിലും സിന്ധുവിന്റെ മികവിന് മുന്‍പില്‍ അടിയറവ് പറയുകയായിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ സിംഗപ്പൂര്‍ ഓപണ്‍ ചാംപ്യന്‍ സായ് പ്രണീത് ഹോങ്കോങിന്റെ വെയ് നാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-18, 21-17. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് താരം മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ 5-9ന് പിന്നിലായിരുന്ന താരം 14-16ലേക്ക് സ്‌കോര്‍ ചുരുക്കുകയും ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റിലും സമാന അവസ്ഥയിലായിരുന്നു സായ് പ്രണീത്. എന്നാല്‍ തിരിച്ചടിച്ചാണ് താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയാണ് രണ്ടാം റൗണ്ടില്‍ താരത്തിന്റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം അജയ് ജയറാമും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലൂകാ റാബറെയാണ് താരം വീഴ്ത്തിയത്. സ്‌കോര്‍ 21-14, 21-12. അനായാസമായിരുന്നു താരത്തന്റെ ജയം. മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം ജയം സ്വന്തമാക്കി. ഇന്തോ-മലേഷ്യന്‍ ജോഡി പ്രജക്ത സാവന്ത്-യോഗേന്ദ്രന്‍ കൃഷന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-12-21-19.
എന്നാല്‍ സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ, സാത്‌വിക്‌സായ്‌രാജ്-മനീഷ സഖ്യം തോറ്റു പുറത്തായി. സുമീത്-അശ്വിനി സഖ്യം ചൈനീസ് ജോഡി വാങ് യില്‌യു-ഹുവാങ് ഡോങ്പിങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 21-18, 5-21.
സാത്‌വിക്-മനീഷ സഖ്യം ഡെന്‍മാര്‍ക്ക് ജോഡി മത്യാസ് ക്രിസ്റ്റ്യാന്‍സെന്‍-സാരാ തൈഗസന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 20-22, 18-21. വനിതാ വിഭാഗം സിംഗിള്‍സില്‍ ദേശീയ ജേതാവ്യ റിതുപര്‍ണ ദാസും വിജയിച്ചിട്ടുണ്ട്. ഫിന്‍ലന്റിന്റെ എതിരാളി പരുക്കിനെ തുടര്‍ന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് താരം ജയം സ്വന്തമാക്കിയത്. വനിതാ വിഭാഗം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം വിജയിച്ചു. സ്‌കോര്‍ 21-15, 21-13. അനായാസമായിരുന്നു സഖ്യത്തിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."