രാത്രിയില്‍ ജില്ലാ ആശുപത്രിയില്‍ ഫിസിഷ്യന്റെ സേവനമില്ല
നിലമ്പൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി എം.എ റസാഖിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫിസിഷ്യന്‍ ഇല്ലെന്ന കാരണത്താല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്.
മിനിറ്റുകള്‍ക്കും സെക്കന്റുകള്‍ക്കും വരെ വില കല്‍പ്പിക്കുന്ന അടിയന്തര ഘട്ടങ്ങളില്‍ പെരിന്തല്‍മണ്ണയിലേക്കും, കോഴിക്കോട്ടേക്കും രോഗികളെ രാത്രി കൊണ്ടു പോകുമ്പോള്‍ മരണം സംഭവിക്കുന്നത് സ്വാഭാവികമാണ്.
ജില്ലാ ആശുപത്രിയില്‍ ഹൃദയാഘാതവുമായി രാത്രി എത്തുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഫിസിഷ്യന്റെ സേവനം രാത്രി ലഭിക്കാത്തതിനെ തുടര്‍ന്ന് റസാഖ് ജില്ലാ ആശുപത്രിയുടെ അവസാനത്തെ ഇരയായത്.
മൂന്നുഫിസിഷ്യന്മാരുണ്ടായിട്ടു കൂടി രാത്രി ഒരുഫിസിഷ്യന്റെ സേവനം പോലും അത്യാഹിതവിഭാഗത്തില്‍ ഉണ്ടാവാറില്ല. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഒരു കാര്‍ഡിയാക് ഐ.സി.യു (5 ബെഡ്, കാര്‍ഡിയാക് മോണിറ്റര്‍, ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍) കഴിഞ്ഞ അഞ്ചു വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്.
ഹാര്‍ട്ട് അറ്റാക്കിന്റെ പ്രാഥമിക ചികിത്സ പോലും കൊടുക്കാതെ റഫര്‍ ചെയ്യുകയാണിവിടെ പതിവ്. അസ്ഥിരോഗ വിദഗ്ധനും കുട്ടികളുടെ സ്പെഷലിസ്റ്റ് തുടങ്ങിയവരാണ് അധികവും അത്യാഹിത വിഭാഗത്തില്‍ രാത്രി ഡ്യൂട്ടിയിലുള്ളത്.
ഒരു ഫിസിഷ്യന്‍ നിര്‍ബന്ധമായും രാത്രി അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരിക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണ്. ഹൃദയാഘാതം മൂലം രാത്രി അടിയന്തര ചികിത്സ തേടി ജില്ലാ ആശുപത്രിയില്‍ എത്തുന്നവരെ പ്രാഥമിക ചികിത്സ പോലും നല്‍കാതെ റഫര്‍ ചെയ്യുന്നത് പതിവു കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."