നഷ്ടപ്പെട്ട 10,000 രൂപ വീണ്ടെടുത്ത കണ്ണന്താനത്തിന്റെ മികവ്
ന്യൂഡല്‍ഹി: ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് വെറും 10,000 രൂപയുമായാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലെത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന് ആ പണം നഷ്ടമായി. പിന്നീട് ഇത് താന്‍ വീണ്ടെടുത്തെന്ന് കണ്ണന്താനം ആത്മകഥയായ മേക്കിങ് എ ഡിഫ്രന്‍സില്‍ വെളിപ്പെടുത്തുന്നുണ്ട്.
100 രൂപാ നോട്ടിന്റെ കെട്ടായി സൂക്ഷിച്ചിരുന്ന 10,000 രൂപയുമായാണ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. കേരള ഹൗസിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ഇത് നഷ്ടമായെന്ന് മനസിലായത്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വിവരമറിയിച്ചെങ്കിലും കൊച്ചിയില്‍ വച്ചാവും പണം നഷ്ടപ്പെട്ടതെന്നായിരുന്നു മറുപടി. തിരുവന്തപുരം കമ്മിഷണര്‍ക്ക് ഫാക്സ് സന്ദേശം അയച്ച് എത്രയും വേഗം നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. കോട്ടയം എസ്.പിയായിരുന്ന രാജീവന് എന്ന ഉദ്യോഗസ്ഥനായിരുന്നു അന്ന് കമ്മിഷണര്‍. വിമാനത്താവളം മുഴുവന്‍ റെയ്ഡ് നടത്തിയതോടെ ഇതില്‍ പ്രതിഷേധിച്ച് എയര്‍ലൈന്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
പിറ്റേദിവസം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്തിരിയാന് തയാറല്ലായിരുന്ന കണ്ണന്താനം തൊട്ടുപിന്നാലെ അന്നത്തെ വ്യോമയാന മന്ത്രി മാധവ് റാവു സിന്ധ്യയെ ചെന്ന് കണ്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മന്ത്രി താനല്ലെന്നും ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു സിന്ധ്യയുടെ മറുപടി.
10,000 രൂപ തനിക്ക് വലിയ തുകയാണെന്നും ആ പണം തിരിച്ച് കിട്ടാന്‍ താന്‍ എന്തും ചെയ്യുമെന്നും കണ്ണന്താനം മന്ത്രിയോട് പറഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാനെ കാണൂ എന്നാണ് പരിഹാരമായി മന്ത്രി നിര്‍ദ്ദേശിച്ചത്. പിറ്റേന്ന് തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാനെ കണ്ടു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രി എല്ലാം പറഞ്ഞെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.
നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുമെന്നു ഉറപ്പ് നല്കിയ പിറ്റേന്ന് തന്നെ പണം തിരികെ ലഭിച്ചു. വലിയ ഉറപ്പൊന്നും നല്കിയില്ലെങ്കിലും മന്ത്രി തന്റെ ആവശ്യം സാധിച്ച് തന്നു എന്നും തനിക്ക് മന്ത്രിയോട് അതില്‍ നന്ദിയുണ്ടെന്നും കണ്ണന്താനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."