ബിയ്യംകായല്‍ ജലോത്സവം: പറക്കുംകുതിര ജലരാജാവ്
പൊന്നാനി: പൊന്നാനി ബിയ്യം കായലിന്റെ ഓളപരപ്പുകള്‍ക്ക് നിറച്ചാര്‍ത്ത് നല്കി ആവേശകരമായി നടന്ന പൊന്നാനി ബിയ്യം കായല്‍ ജലോത്സവത്തിന്റെ കിരീടം ഇനിയുള്ള ഒരു വര്‍ഷം കാഞ്ഞിരമുക്ക് പുളിക്കകടവ് ന്യൂ ടൂറിസ്റ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ പറക്കും കുതിര കിരീടം അലങ്കരിക്കും.
മൈനര്‍ വിഭാഗത്തില്‍ പുഴമ്പ്രം ടീം ഭാവനയുടെ പാര്‍ത്ഥസാരഥി മുന്നില്‍ നിന്ന് നയിച്ച് കിരീടത്തില്‍ മുത്തമിട്ടു. അവിട്ടം നാളില്‍ ജലവീരന്മാരുടെ മാസ്മരിക പ്രകടനം കാണാന്‍ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മേജര്‍ വിവാദത്തില്‍ പറക്കും കുതിരയും മൈനര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥിയും വിജയ തീരമണഞ്ഞത്.
മേജര്‍ വിഭാഗത്തില്‍ എരിക്കമണ്ണ ന്യൂ ക്ലാസിക്ക് ക്ലബിന്റെ മണി കൊമ്പന് രണ്ടാം സ്ഥാനവും കാഞ്ഞിരമുക്ക് പത്തായി നവയുഗം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ജല റാണി മൂന്നാം സ്ഥാനവും നേടി.
മൈനര്‍ വിഭാഗത്തില്‍ താഴത്തങ്ങാടി യുവ ശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വജ്ര രണ്ടാംസ്ഥാനവും കാഞ്ഞിരമുക്ക് പത്തായി നവരത്ന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ജലറാണി മൂന്നാംസ്ഥാനവും നേടി ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചിരുന്നു. മേജര്‍ മൈനര്‍ വിഭാഗങ്ങളിലായി 18 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായല്‍ ജലോത്സവത്തിന് മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നു.
'പൊന്നാനിയുടെ കായികവികസനത്തിന് എല്ലാ പിന്തുണയും നല്‍കും'
പൊന്നാനി: പൊന്നാനിയുടെ കായികവികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കായിക, വ്യവസായ വകുപ്പുമന്ത്രി എ.സി മൊയ്തീന്. പൊന്നാനിയിലെ വള്ളംകളി മത്സരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ എം.എല്‍.എയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വികസനത്തെക്കുറിച്ച് ഭാവനാപൂര്‍ണമായ കാഴ്ചപ്പാടാണുള്ളത്.
പൊന്നാനിയുടെ കായിക വികസനത്തിന് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന് ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പൊന്നാനി നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണി തങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഫൈസല്‍, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ഡി.സി.സി അംഗം പി.വി അയ്യൂബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."