വിവാഹവും വ്യക്തിനിയമങ്ങളും
വ്യക്തിനിയമങ്ങള്‍ ഉടലെടുത്തതും രൂപം കൊണ്ടതും വ്യത്യസ്ത മതങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഭിന്ന മത-സാംസ്‌കാരിക പശ്ചാത്തലങ്ങളിലാണ്'ഇന്ത്യയിലെ മനുവിന്റെയും അറേബ്യയിലെ മുഹമ്മദിന്റെയും നിയമങ്ങള്‍ ഡൗണിങ് സ്ട്രീറ്റിലിരുന്ന് (ലണ്ടന്‍) ജുഡീഷ്യല്‍ കമ്മിറ്റി വ്യാഖ്യാനിക്കുമ്പോള്‍ നേരിയ വ്യതിയാനങ്ങള്‍ സ്വാഭാവികമാണ്. നിയമങ്ങള്‍ രൂപീകൃതമാകുന്നതും നടപ്പാക്കുന്നതും സാമൂഹിക സാംസ്‌കാരിക നിലവാരവുമായി ബന്ധപ്പെട്ടായതിനാല്‍ തന്നെ ഒരു സംസ്‌കാരത്തിന്റെ ആത്മാവ് അതിനു പുറത്തുള്ളവര്‍ക്ക് പൂര്‍ണമായി മനസിലാക്കാന്‍ കഴിയണമെന്നില്ല' എന്ന ജ. കൃഷ്ണയ്യരുടെ അഭിപ്രായം അടിസ്ഥാനപരമായ ഈ വൈവിധ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. (യൂസുഫ് റാവുത്തര്‍-സൗരമ്മ 1970)
വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമം മറ്റു വ്യക്തിനിയമങ്ങളില്‍ നിന്ന് വിഭിന്നമാണ്. ഇസ്‌ലാമികദൃഷ്ടിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കരാറാണ് വിവാഹം. രണ്ടു സ്വതന്ത്ര വ്യക്തികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഒരുമിച്ചുചേരാനും വേര്‍പിരിയാനും കഴിയുന്ന ഒരു ഉടമ്പടിയായാണ് (ഇശ്ശഹ ഇീിേൃമര)േ ഇസ്‌ലാം വിവാഹത്തെ ദര്‍ശിക്കുന്നത്. എന്നാല്‍, ഒരിക്കലും വേര്‍പെടുത്താനാവാത്ത ദിവ്യബന്ധമായിട്ടാണ് ഹൈന്ദവ-ക്രൈസ്തവ ദര്‍ശനങ്ങള്‍ വിവാഹത്തെ പരിചയപ്പെടുത്തുന്നത്.
ഭാര്യയെന്ന സങ്കല്‍പം ക്രൈസ്തവ നിയമപ്രകാരം ഭര്‍ത്താവിലേക്ക് ലയിച്ചു ചേരേണ്ടവളും ഹൈന്ദവ നിയമപ്രകാരം ധര്‍മം നിലനിര്‍ത്താന്‍ ഭര്‍ത്താവിനെ സഹായിക്കുന്ന ധര്‍മപത്‌നിയുമാണ്. വിവാഹം ദൈവികമായ ഭാണ്ഡമാണെന്നും അത് വേര്‍പെടുത്താന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂവെന്നത് കൊണ്ടാണ് വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ പ്രക്രിയകള്‍ ഹിന്ദു-ക്രൈസ്തവ നിയമങ്ങളില്‍ വ്യാപകമായി കാണാനാകാത്തത്. എന്നാല്‍, ലൈംഗികതയെ നിയമവിധേയമാക്കുക, വ്യഭിചാരം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇസ്‌ലാം വിവാഹം അനുവദനീയമാക്കിയതിന്റെ ലക്ഷ്യം.
വ്യവസായ യുഗത്തിന്റെ ആവിര്‍ഭാവത്തോടെയാണ് വിവാഹമോചനം എന്ന ആശയം ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ടത്. 1857ലെ മാട്രിമോണിയല്‍ ക്ലോസെസ് ആക്ട് പാസാക്കിയ ശേഷമാണ് ക്രൈസ്തവ ലോകം വിവാഹമോചനത്തെ അംഗീകരിച്ചതെങ്കില്‍ പിന്നെയും ഒരു നൂറ്റാണ്ടിനു ശേഷം 1955ല്‍ മാത്രമാണ് ഹിന്ദു നിയമത്തില്‍ അത്തരമൊരാശയം അംഗീകരിക്കപ്പെട്ടത്.
വിവിധ വ്യക്തിനിയമങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ വിവാഹമോചനമെന്ന ആശയം അംഗീകരിക്കപ്പെട്ടെങ്കിലും വൈവാഹിക ജീവിതത്തിലെ പിഴവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവാഹമോചനമാണ് അംഗീകരിക്കപ്പെട്ടത്. അഥവാ, ഹിന്ദു-ക്രിസ്ത്യന്‍-പാഴ്‌സി തുടങ്ങിയ വ്യക്തിനിയമങ്ങള്‍ വഴി വിവാഹമോചനം സാധ്യമാകണമെങ്കില്‍ ഇണയുടെ കുറ്റങ്ങളും ദാമ്പത്യ ബന്ധത്തിലെ പിഴവുകളും കോടതി മുന്‍പാകെ ബോധ്യപ്പെടുത്തേണ്ടി വരുന്നു. മാത്രമല്ല, നിശ്ചിത കാരണങ്ങള്‍ കൊണ്ട് മാത്രമേ വിവാഹമോചനം സാധ്യമാകൂ എന്ന് വരുമ്പോള്‍ വിവാഹമോചനം കൂടുതല്‍ സങ്കീര്‍ണവും ദുസ്സഹവുമാകുന്നു.
കാര്യ-കാരണത്തിലധിഷ്ഠിതമായ വിവാഹമോചനമെന്നതിനപ്പുറം മാനസികമായ അകല്‍ച്ച, താല്‍പര്യമില്ലായ്മ, സ്വരച്ചേര്‍ച്ചയില്ലായ്മ, മുന്നോട്ടുപോകാനാവാത്ത വിധം ദാമ്പത്യബന്ധം തകരുക തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന വിവാഹമോചന സങ്കല്‍പം. അതുകൊണ്ടാണ്, 'അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിനു ഏറ്റവും വെറുപ്പുള്ള കാര്യമായിട്ട് കൂടി' കാരണം കാണിക്കാതെ പുരുഷന് ത്വലാഖ് ചൊല്ലാമെന്നും സ്ത്രീക്ക് ഖുല്‍അ് (സ്ത്രീ മുന്‍കൈയെടുക്കുന്ന വിവാഹമോചന രീതി), ത്വലാഖ്-തഫ്‌വീള്(ഭര്‍ത്താവ് ത്വലാഖിനുള്ള അധികാരം ഭാര്യക്ക് കൈമാറുന്ന രീതി) എന്നീ രീതികളിലൂടെ വിവാഹമോചനം ചെയ്യാമെന്നും ഇസ്‌ലാം അംഗീകരിച്ചത്. വിവാഹമോചനം നിയന്ത്രിക്കണമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഇസ്‌ലാമികാധ്യാപനം.
എന്നാല്‍, വിവാഹമോചനം അനിവാര്യമാകുമ്പോള്‍ ഇണയുടെ കുറ്റങ്ങളോ പിഴവുകളോ നിരത്താതെ രണ്ടുപേര്‍ക്കും മാന്യമായി വേര്‍പിരിയാം എന്നതാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. പരസ്പരം പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ സൃഷ്ടിക്കാതെ ഇരു കൂട്ടര്‍ക്കും ആരോഗ്യപൂര്‍ണമായി വേര്‍പിരിയാനുള്ള സാഹചര്യം മുസ്‌ലിം നിയമം അനുവദിക്കുന്നു. 217ാമത് ലോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരാശയം മുന്നോട്ടുവച്ചെങ്കിലും ഇതുവരെ 'നിയമമായി' ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
ഇസ്‌ലാം പുരുഷന് അനുവദിച്ച ത്വലാഖ് മൂന്ന് രീതിയില്‍ സംഭവിക്കാം. ത്വലാഖുല്‍ അഹ്‌സന്‍ (ശുദ്ധി കാലയളവില്‍ ഒരു ത്വലാഖ് ചൊല്ലുന്ന രീതി), ത്വലാഖുല്‍ ഹസന്‍ (തുടര്‍ച്ചയായി വരുന്ന മൂന്ന് ശുദ്ധി കാലയളവില്‍ മൂന്ന് തവണകളിലായി ത്വലാഖ് ചൊല്ലുന്ന രീതി), ത്വലാഖ് ബിദഇ -ഹനഫി (മൂന്ന് ത്വലാഖുകളും ഒരുമിച്ചു ചൊല്ലുന്ന രീതി).
മൂന്ന് ത്വലാഖും ഒരു തവണയോ ഒരു ശുദ്ധി കാലയളവില്‍ മൂന്ന് തവണയായോ ചൊല്ലുന്ന രീതിയാണ് മുത്വലാഖ് (ത്വലാഖ് ബിദഇ-ഹനഫി) എന്നറിയപ്പെടുന്നത്. മുത്വലാഖ് വഴിയുള്ള വിവാഹമോചനം ദൈവശാസ്ത്രപരമായി മോശമാണെങ്കിലും നിയമപരമായി സാധുതയുള്ളതാണ് (സ്വഹീഹ്) എന്നായിരുന്നു ആദ്യ കാലങ്ങളില്‍ കോടതികള്‍ വിലയിരുത്തിയിരുന്നത്. 1981ലെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബഹറുല്‍ ഇസ്‌ലാമാണ് ആദ്യമായി മുത്വലാഖ് അനിസ്‌ലാമികമാണെന്നും അസാധാരണമായ സാഹചാര്യങ്ങളിലും മതിയായ കരണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ മുസ്‌ലിം ഭര്‍ത്താവിന് വിവാഹമോചനം സാധ്യമാകുകയുള്ളുവെന്ന് നിരീക്ഷിച്ചത്.
2002ലെ ശമീം അറ കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം ആദ്യമായി നടത്തിയത്. ഭര്‍ത്താവില്‍ നിന്ന് നിത്യചെലവ് ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഭാര്യയ്‌ക്കെതിരേ കേസ് നടക്കുന്നതിനിടയില്‍ താന്‍ ത്വലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജീവനാംശം ലഭിക്കാന്‍ ഭാര്യ അര്‍ഹയല്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.
എന്നാല്‍, ഭര്‍ത്താവിന്റെ വാദം തള്ളിയ കോടതി നിരീക്ഷിച്ചത് ഇപ്രകാരമായിരുന്നു. 'പൗരാണികവും വിശുദ്ധവുമായ ഗ്രന്ഥങ്ങളിലോ മുസ്‌ലിംകളുടെ വേദ ഗ്രന്ഥങ്ങളിലോ ഇത്തരം വിവാഹമോചന രീതി ഉള്‍ക്കൊള്ളുന്നില്ല. ഗൗരവമേറിയ കാരണങ്ങള്‍ ഇല്ലാത്തിടത്തോളം കാലം നിയമത്തിന്റെയോ മതത്തിന്റെയോ ദൃഷ്ടിയില്‍ ഇത്തരം വിവാഹമോചനങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ വിവക്ഷിച്ചതു പ്രകാരമുള്ള ത്വലാഖ് സംഭവിക്കാന്‍ മതിയായ കാരണവും ഇരു പക്ഷത്തുനിന്നുമുള്ള മധ്യസ്ഥ ശ്രമങ്ങളും ഉണ്ടാകേണ്ടതാണ്. അത്തരം മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ത്വലാഖ് സംഭവിക്കുന്നതെന്നും അത് വാമൊഴിയായി പറയണമെന്നും ജീവിതച്ചെലവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യ സമര്‍പ്പിച്ച കേസില്‍ മറുപടി നല്‍കുന്ന കാര്യവിവര പത്രികയില്‍ എഴുതി നല്‍കുന്ന തെളിവ് മതിയാകില്ലെന്നുമാണ് ഞങ്ങളുടെ (കോടതി) അഭിപ്രായം'.
ഇതേതുടര്‍ന്ന് വന്ന ഒട്ടനവധി കേസുകളില്‍ വ്യത്യസ്ത കോടതികള്‍ സമാനമായ ആശയങ്ങളോ അതിനേക്കാള്‍ കണിശമായ നിബന്ധനകളോ ആയിരുന്നു നിഷ്‌കര്‍ശിച്ചത്. മസ്ജിദില്‍ വച്ച് സാക്ഷികളുടെ മുമ്പാകെ ചൊല്ലിയ മൊഴി സ്വീകാര്യമല്ലെന്നും മതിയായ കാരണങ്ങളും മധ്യസ്ഥ ശ്രമങ്ങളും നടക്കാതെയുള്ള ത്വലാഖ് സാധുവാകില്ലെന്നും (ദില്‍ഷാദ് ബീഗം കേസ് 2007), മതിയായ കാരണവും മധ്യസ്ഥ ശ്രമവും നടക്കുന്നതോട് കൂടെ ത്വലാഖ് ചൊല്ലേണ്ടത് സാക്ഷികള്‍ മുഖേനയാകണമെന്നും (റിയാസ് ഫാത്തിമ കേസ് 2007) തുടങ്ങിയ വിധികള്‍ പിഴവ് സിദ്ധാന്തത്തെ കൂടുതല്‍ ദൃഡീകരിക്കുന്നു.
കാര്യകാരണത്തിലധിഷ്ഠിതമായി മാത്രമേ വിവാഹമോചനം സാധ്യമാവുകയുള്ളുവെന്ന 2002ലെ ശമീം അറ, നിലവില്‍ വിവാദമായ ശയറാബാനു എന്നീ കേസുകളിലെ വിധികള്‍ ഇസ്‌ലാം അനുവദിക്കുന്ന ത്വലാഖ് എന്ന സംവിധാനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മുത്വലാഖ് അസാധുവാക്കാന്‍ വേണ്ടി കണ്ടുപിടിച്ച വഴികളില്‍ ത്വലാഖുല്‍ അഹ്‌സന്‍, ഹസന്‍ എന്നീ രീതികള്‍ കൂടെ ദുസ്സാധ്യമായി മാറി. അഥവാ,വിവാഹമോചനം ചെയ്യുന്നവര്‍ മതിയായ കാരണം (ഇണയുടെ പിഴവുകളോ മറ്റോ) കണ്ടെത്തുകയും അവ കോടതി മുമ്പാകെ ബോധ്യപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം മേല്‍പ്രസ്താവിതമായ ത്വലാഖുകള്‍ സാധുവായി പരിഗണിക്കപ്പെടില്ല എന്ന് വേണം കരുതാന്‍.
'മതിയായ കാരണം' എന്നതിന്റെ മാനദണ്ഡം എന്താണ്? എങ്ങനെയാണ് അവ തീരുമാനിക്കപ്പെടുക? സാമൂഹികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെ സ്വാധീനം എങ്ങനെ നിര്‍ണയിക്കപ്പെടും? മതനിയമങ്ങളുടെയും ശാസനകളുടെയും അടിസ്ഥാനത്തിലാണോ അതല്ല സെക്കുലര്‍ കാഴ്ചപ്പാടുകളെ ആശ്രയിച്ചായിരിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പിന്നെയും അവശേഷിക്കുന്നു. കുടുംബത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങേണ്ട വിഷയങ്ങളില്‍ പരസ്പരം ചളിവാരിയെറിയുകയും പൊതുജന മധ്യേ വിഴുപ്പലക്കുകയും ചെയ്യുന്ന സംവിധാനമാക്കി മാറ്റി എന്നതു മാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. മാത്രമല്ല, കാരണം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ വിവാഹമോചനം സാധ്യമാകൂ എന്ന് പറയുക വഴി മുസ്‌ലിം വ്യക്തി നിയമത്തെ ഹിന്ദു-പാഴ്‌സി-ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങളോട് കൂടെ ഏകാത്മകമാക്കി (Homogenize) മാറ്റുകയാണ് കോടതി ചെയ്തത്.
മുത്വലാഖും മതസ്വാതന്ത്ര്യവും
ഭരണഘടനാ വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം അതത് മതങ്ങളുടെ അനിവാര്യവും അവിഭാജ്യമായ ഘടകങ്ങള്‍ക്കും മാത്രമാണെന്ന് കോടതികള്‍ പലവുരു വ്യക്തമാക്കിയതാണ്. എന്നാല്‍, അത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത് അതത് മതങ്ങളുടെ പ്രാമാണിക തത്വങ്ങള്‍ക്കും അടിസ്ഥാന നിയമങ്ങള്‍ക്കും അനുസാരിച്ചായിരിക്കണമെന്നും സെക്കുലര്‍ കോടതികള്‍ക്ക് അവയില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കോടതികള്‍ വിവിധ കേസുകളില്‍ വിശദീകരിച്ചിട്ടുണ്ട്. (ജംഷഡ്ജി-സൂനാഭായ് കേസ്-1907,ഷീറൂര്‍ മഠം കേസ്-1954, രതിലാല്‍ ദഗാന്ധി കേസ്-1960, സര്‍ദാര്‍ സൈഫുദ്ദിന്‍ കേസ് -1961, അജ്മീര്‍ ദര്‍ഗ കമ്മിറ്റി കേസ്-1962, നാരായണ ദേശ്പാണ്ഡെ കേസ്, ആദി സൈവ ശങ്കരാചാര്യ കേസ്-2016, അംന ബിന്‍ത് ബശീര്‍ കേസ് -2016).
മുത്വലാഖ് അസാധുവാണെന്നു പ്രഖ്യാപിക്കുക വഴി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഉദാഹരണത്തിന്, മുത്വലാഖ് സാധുവാണെന്നു വിശ്വസിക്കുന്ന ഭാര്യയും ഭര്‍ത്താവും മുത്വലാഖ് വഴി വിവാഹബന്ധം വേര്‍പെടുത്തുകയും തുടര്‍ന്ന് ഭാര്യ മറ്റൊരാളുമായി വിവാഹത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഒരേ സമയം രണ്ട് വിവാഹത്തിലേര്‍പ്പെടുക (ആശഴമാ്യ) എന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടും. മറുവശത്ത്, ഭാര്യ-ഭര്‍തൃ ബന്ധം തുടരുന്നത് മതപരമായി വ്യഭിചാരവുമായും കണക്കാക്കപ്പെടുന്നു. വ്യഭിചാരം പോലെയുള്ള കുറ്റകൃത്യങ്ങള്‍ നിത്യമാക്കല്‍ മതനിരാസത്തിലേക്ക് നയിക്കുന്നതും വിശ്വാസത്തിന് ക്ഷതമേല്‍ക്കുന്നതുമാണ്.
മുത്വലാഖിനു ശേഷമുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളുടെ രക്ഷാകര്‍തൃത്വം, അനന്തരാവകാശം, വിവാഹബന്ധം, മഹ്‌റമിയ്യത്, നിയമപരമായ സ്റ്റാറ്റസ് എന്നിവ എങ്ങനെ നിര്‍ണയിക്കപ്പെടുമെന്നത് ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. മതപരമായ വിഷയങ്ങളെ സെക്കുലര്‍ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുന്നത് മുസ്‌ലിം സാമൂഹിക ഘടനയുടെ ആധാര ശിലകള്‍ക്കു തന്നെ ശക്തമായി ബാധിക്കും. ഇതിനെ മറികടക്കാന്‍ ത്വലാഖുല്‍ അഹ്‌സന്‍, ഹസന്‍ എന്നീ മാര്‍ഗങ്ങളെ അവലംബിച്ചാല്‍പോലും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന 'കാരണങ്ങളും' കണ്ടുപിടിക്കേണ്ട അവസ്ഥ സംജാതമാകും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."